ഡെറാഡൂൺ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിലെ അഞ്ച് സീറ്റുകളിലും ബിജെപി ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കാനുള്ള തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപിക്ക് 400 സീറ്റുകളെന്ന മുദ്രാവാക്യം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പോടെ പൂർത്തിയാകും. ഉത്തരാഖണ്ഡിലെ 5 സീറ്റുകളും ഈ സ്വപ്‌ന സക്ഷാത്കരണത്തിന്റെ ഭാഗമായി മാറും. അഞ്ച് സീറ്റുകളിലും ബിജെപി വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് മുന്നേറും.
ജനങ്ങൾ നരേന്ദ്രമോദിയെ തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുമെന്നതിൽ സംശയമില്ലെന്നും പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. രാഹുൽ അധികാരത്തിലേറുന്നത് കോൺഗ്രസ് വെറുതെ സ്വപ്‌നം കാണുകയാണ്. രാഹുലുണ്ടാക്കിയ സഖ്യം അവരുടെ അഴിമതികൾ മറച്ചു വയ്‌ക്കുന്നതിനും കൂടുതൽ അഴിമതികൾ നടത്തുന്നതിനും വേണ്ടിയാണെന്നും പുഷ്‌കർ സിംഗ് ധാമി കൂട്ടിച്ചേർത്തു. രാജ്യത്തെ കൊള്ളയടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അഴിമതിയുടെ മാതാവാണ് ഇതിലെ നേതാക്കളെന്നും അദ്ദേഹം തുറന്നടിച്ചു.