തിരുവനന്തപുരം : പൂരം കലക്കി നേടിയതല്ല ബിജെപിയുടെ തൃശൂരിലെ വിജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെ മുരളീധരനെ ചതിക്കാൻ വേണ്ടിയാണ് തൃശ്ശൂരിലേക്ക് മാറ്റിയത്. സതീശനും കമ്പനിയും മുരളീധരനെ ബലിയാടാക്കിയെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിക്ക് മതന്യൂനപക്ഷ വോട്ട് ലഭിച്ചു. പൂരം കലക്കിയാൽ എങ്ങനെ ന്യൂനപക്ഷ വോട്ട് കിട്ടുമെന്ന് കെ സുരേന്ദ്രൻ ചോദിക്കുകയുണ്ടായി. പിണറായി വിജയന്റെ ബി ടീമാണ് സതീശൻ. പിണറായിയും സതീശനും രണ്ട് ശരീരമാണെങ്കിലും ഒരു മനസാണ്. ഒരു അമ്മ പെറ്റ മക്കളാണ് ഇരുവരും. എഡിജിപി അജിത് കുമാർ കുഞ്ഞാലിക്കുട്ടിയെയും രാഹുൽ ഗാന്ധിയെയും കണ്ടിട്ടുണ്ട്.
വി.ഡി. സതീശൻ്റെ അടുത്ത ആളാണ് എഡിജിപി. അപ്പോൾ എൽഡിഎഫും യുഡിഎഫും തമ്മിലാണ് അന്തർധാര. ഏത് കാര്യത്തിലാണ് ദൂതനായതെന്ന് വി.ഡി.സതീശൻ പറയണമെന്നും ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നയാളാണ് പ്രതിപക്ഷ നേതാവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. അതിനിടെ എഡിജിപി എം.ആർ അജിത് കുമാറും ആർഎസ്എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സിപിഐഎമ്മിന് ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. എഡിജിപിയും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് മാധ്യമങ്ങളാണ്. അത്തരത്തിലുള്ള ഒരു വിവാദത്തിലും സിപിഎമ്മില്ല. ബിജെപിയുമായി ബന്ധമുള്ളത് യുഡിഎഫിനാണെന്നും അദ്ദേഹം ആരോപിച്ചു.