ന്യൂഡൽഹി : രാജ്യത്ത് 11,717 പേരില്‍ മ്യൂക്കര്‍മൈക്കോസിസ് (ബ്ലാക്ക്ഫംഗസ്) രോഗബാധയുള്ളതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലാണ് രോഗബാധ അധികമായി കാണുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മ്യൂക്കര്‍മൈക്കോസിസ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങളോടും ‘ബ്ലാക്ക് ഫംഗസ്’ ഒരു പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാനും എല്ലാ കേസുകളും റിപ്പോര്‍ട്ട് ചെയ്യാനും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
മഹാരാഷ്ട്രയില്‍ ചികിത്സയിൽ കഴിയുന്നത് 2,770 പേരാണ്. ഗുജറാത്തില്‍ ഇത് 2,859 ഉം ആന്ധ്രയില്‍ 768 ഉം കേരളത്തില്‍ 36 പേരും ചികിത്സയില്‍ കഴിയുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡല്‍ഹിയില്‍ ഇതുവരെ 620 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഐസിഎംആര്‍ പറയുന്നതനുസരിച്ച് മ്യൂക്കര്‍മൈക്കോസിസ് ഒരു ഫംഗസ് അണുബാധയാണ്. ഇത് പ്രധാനമായും പാരിസ്ഥിതിക രോഗകാരികളോട് പോരാടാനുള്ള കഴിവ് കുറയ്ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെയാണ് ബാധിക്കുന്നത്.
കണ്ണിനോ മൂക്കിനോ ചുറ്റുമുള്ള വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസതടസ്സം, രക്തരൂക്ഷിതമായ ഛര്‍ദ്ദി എന്നിവ ചില ലക്ഷണങ്ങളാണ്. ശ്രദ്ധിക്കാതിരുന്നാല്‍ മ്യൂക്കര്‍മൈക്കോസിസ് മാരകമാകുമെന്ന് ഐസിഎംആര്‍ പറയുന്നു. സൈനസൈറ്റിസ്, മുഖത്തിന്റെ വശത്തുള്ള വേദന, നീര്‍വീക്കം, മൂക്കിന്റെയോ പാലത്തിന്റെയോ മുകളിലുള്ള കറുപ്പ് നിറം, പല്ലുവേദന, പല്ലുകള്‍ അയവുള്ളതാക്കല്‍, മങ്ങിയതോ ഇരട്ട കാഴ്ചയോ, നെഞ്ചുവേദന എന്നിവ കോവിഡ് അല്ലെങ്കില്‍ പ്രമേഹ രോഗികളില്‍ ചില ലക്ഷണങ്ങളാണ്. പ്രമേഹ രോഗികള്‍ എല്ലായ്‌പ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും സ്റ്റിറോയിഡുകളുടെ ദുരുപയോഗം ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.