ന്യൂഡല്‍ഹി : കോവിഡ് രോഗികളിലെ ബ്ലാക് ഫംഗസിന്റെ ചികിത്സക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ബ്ലാക്ക് ഫംഗസ് അഥവാ ‘മ്യൂക്കോര്‍മൈക്കോസിസ്’ എന്ന ഫംഗസ് ബാധ മരണകാരണമാകുമെന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നിര്‍ദേശം.
ചില സംസ്ഥാനങ്ങളിലെ റിപ്പോര്‍ട്ട് അനുസരിച്ച് മരണം സംഭവിച്ചവരും കാഴ്ച നഷ്ടപ്പെട്ടവരും ഉണ്ട്.
ഗുജറാത്തിലും തെലങ്കാനയിലും രോഗം പടരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. കണ്ണിനും മൂക്കിനും ചുറ്റിലും ചുവപ്പ്, പനി, തലവേദന, ചുമ, ശ്വാസതടസ്സം, രക്തം ഛര്‍ദിക്കല്‍, മാനസിക അസ്ഥിരത എന്നിവയാണ് ബ്ലാക് ഫംഗസ് ബാധയുടെ ലക്ഷണങ്ങള്‍.
കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇത് പ്രതിരോധശേഷിയെ ബാധിക്കും. അതാണ് കോവിഡ് രോഗികളില്‍ രോഗം പിടിപെടാന്‍ കാരണമാകുന്നത്. പ്രമേഹരോഗികളായ കോവിഡ് ബാധിതരില്‍ സൈനസൈറ്റിസ്, മുഖത്തിന്റെ ഒരുഭാഗത്ത് മരവിപ്പും വേദനയും പല്ലുവേദന, മൂക്കിന്റെ പാലത്തില്‍ കറുപ്പ്, ഇരട്ടക്കാഴ്ച, നെഞ്ചുവേദന, ചര്‍മത്തില്‍ ക്ഷതം, രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയാണ് മ്യൂക്കോര്‍മൈക്കോസിസ് ലക്ഷണങ്ങള്‍.