കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ പരിശീലന പറക്കല്‍ നടത്തുന്നതിനിടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് താലിബാന്‍ അംഗങ്ങള്‍ കൊല്ലപ്പെട്ടു. നേരത്തെ അമേരിക്കന്‍ സൈന്യം ഉപേക്ഷിച്ച് പോയ ഹെലികോപ്റ്റര്‍ ആയിരുന്നു ഇത്. നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്സിറ്റിയുടെ ഉള്ളില്‍ വെച്ചായിരുന്നു അപകടമെന്നും സാങ്കേതിക തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്നും അഫ്ഗാനിലെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
ഒരു വര്‍ഷം മുമ്പ് അഫ്ഗാനില്‍ അധികാരം സ്വന്തമാക്കിയ താലിബാന്‍ യു.എസ് സേന രാജ്യത്ത് ഉപേക്ഷിച്ച് പോയ ആയുധങ്ങളും ഹെലികോപ്റ്ററുകളും മറ്റും കൈക്കലാക്കിയിരുന്നു. എന്നാല്‍ ഇവയില്‍ എത്രയെണ്ണം ഇന്ന് പ്രവര്‍ത്തനക്ഷമമാണെന്ന് വ്യക്തമല്ല. ചില മിലിട്ടറി ഉപകരണങ്ങളില്‍ മനഃപൂര്‍വം തകരാര്‍ വരുത്തിയ ശേഷമായിരുന്നു യു.എസ് സൈന്യം അഫ്ഗാനില്‍ നിന്ന് മടങ്ങിയത്.