കൊച്ചി: ഷംന കേസിലെ പ്രതികളെ അറിയില്ലെന്ന് മോഡല്‍ മീര. പരസ്യമോഡലുകളെ ഏകോപിപ്പിക്കുന്നയാളാണ് തന്നെ ബന്ധപ്പെട്ടത്. തനിക്ക് പോകാന്‍ കഴിയാത്തതിനാലാണ് മറ്റൊരു പെണ്‍കുട്ടിയെ പരിചയപ്പെടുത്തിയത്. പാലക്കാട്ടെത്തി ട്രാപ്പിലായ ആ പെണ്‍കുട്ടിയാണ് തട്ടിപ്പിന്റെ വിവരം തന്നെ വിളിച്ചറിയിക്കുന്നത്. അവളോട് ഹോട്ടലില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാനാണ് താന്‍ പറഞ്ഞതെന്നും മീര പറഞ്ഞു.
എല്ലാ കാര്യങ്ങളും ഡി.സി.പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് കൊച്ചിയിലെ മോഡല്‍ കോര്‍ഡിനേറ്റര്‍ക്ക് പ്രതികളുടെ നമ്പര്‍ കിട്ടിയത്. എനിക്ക് വേറെ ഷൂട്ട് ഉണ്ടായിരുന്നതിനാല്‍ നമ്പര്‍ സുഹൃത്തിന് നല്‍കി. പിന്നീട് പാലക്കാട്ട് പ്രശ്‌നമുണ്ടായെന്ന് അറിഞ്ഞപ്പോള്‍ അവരോട് തിരികെ വരാന്‍ പറഞ്ഞിരുന്നുവെന്നും മീര വിശദീകരിച്ചു.
മീര വഴിയാണ് തട്ടിപ്പ് സംഘത്തിലെ പ്രതികളുടെ നമ്പര്‍ ലഭിച്ചതെന്ന് തട്ടിപ്പിനിരയായ യുവതികള്‍ നേരത്തെ പറഞ്ഞിരുന്നു. ഒരു വര്‍ക്കുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം മോഡലിംഗ്, ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതികളെ പാലക്കാട്ട് എത്തിച്ചത്. തുടര്‍ന്ന് ഹോട്ടലുകളില്‍ പാര്‍പ്പിച്ച് സ്വര്‍ണക്കടത്തിന് നിര്‍ബന്ധിച്ചെന്നും പണവും സ്വര്‍ണവും തട്ടിയെടുത്തെന്നുമാണ് പരാതി.