കൊച്ചി : കറുത്ത മാസ്ക് അഴിപ്പിച്ച സംഭവം ഇന്ന് കേരള ഹൈക്കോടതിയുടെ പരിഗണനയിലെത്തും. അഡ്വ.സേതുകുമാര്‍ ആണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഇദ്ദേഹം ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. സുരക്ഷയുടെ പേരില്‍ കറുത്ത മാസ്ക് ഊരുന്നത് നിയമവിരുദ്ധമാണ്. കോട്ടയത്ത് തന്നെ തടഞ്ഞ് നിര്‍ത്തിയ പോലീസ്, കറുത്ത മാസ്ക് മാറ്റാന്‍ അവശ്യപ്പെട്ടുവെന്നാണ് അഡ്വ.സേതുകുമാറിന്റെ പരാതി. ഏത് മാസ്ക് ധരിക്കണം എന്നത് വ്യക്തികളുടെ സ്വാതന്ത്ര്യമാണ്. ഇത് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍, നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.
അതിനിടെ, മാസ്ക് അഴിപ്പിക്കലിനെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധം എന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനറുടെ ചോദ്യം. അക്രമമാണോ ജനാധിപത്യമെന്നും ഇ.പി ജയരാജന്‍ ചോദിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ പൊതുജനത്തെ വഴിതടയുകയും കറുത്ത മാസ്ക് അഴിപ്പിക്കുകയും ചെയ്യുന്ന പോലീസ് നടപടി വന്‍ വിമര്‍ശനത്തിനാണ് ഇടയാക്കുന്നത്.