കോഴിക്കോട് : മെഡിക്കല്‍ കോളേജില്‍നിന്ന് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്ത രോഗിക്ക് ബീച്ചാശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ബീച്ചാശുപത്രിയില്‍നിന്ന് രോഗിയെ വീണ്ടും മെഡിക്കല്‍കോളേജിലെ കോവിഡ് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. തുടയെല്ല് പൊട്ടി ശസ്ത്രക്രിയ കഴിഞ്ഞ നല്ലളം സജ്മാസ് മനയില്‍താഴെപറമ്പ് ഇമ്പിച്ചായിശബി (71) ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ മാസം ആദ്യമാണ് തുടയെല്ല്‌പൊട്ടിയ ഇമ്പിച്ചായിശബിയെ മെഡിക്കല്‍കോളേജ് ഓര്‍ത്തോവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഏഴാംതീയതി ശസ്ത്രക്രിയ നടത്തി. വാര്‍ഡിലേക്ക് മാറ്റിയ ഇവരുടെ ആരോഗ്യസ്ഥിതി മോശമാവുകയും പനി കൂടുകയുംചെയ്തു.
എന്നാല്‍, പനിയുള്ളതുകാരണം ഡിസ്ചാര്‍ജ് ചെയ്യരുതെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും 11-ന് ഡിസ്ചാര്‍ജ് നല്‍കുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇവരെ ബീച്ചാശുപത്രിയിലേക്ക് റഫര്‍ചെയ്യുകയും ചെയ്തു. ബീച്ചാശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മെഡിക്കല്‍കോളേജിലേക്കുതന്നെ മാറ്റി. നിലവില്‍ ഇമ്പിച്ചായിശബിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് മെഡിക്കല്‍കോളേജ് അധികൃതര്‍ അറിയിച്ചു.





























