ബംഗളൂരു: മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി പരിഗണിക്കാതെ മാറ്റിവെച്ചു. ജാമ്യത്തിനായി അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് ബിനീഷിന്റെ അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു. അല്ലെങ്കില്‍ മധ്യവേനലവധി കഴിഞ്ഞ് ജാമ്യാപേക്ഷ പരിഗണിക്കേണ്ടി വരുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പിതാവിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ബിനീഷ് ആറു മാസമായി ജയിലില്‍ ആണെന്ന് പ്രതിഭാഗം കോടതിയെ ഓര്‍പ്പിച്ചെങ്കിലും കോടതി കേസ് പരിഗണിക്കാതെ പിരിയുകയായിരുന്നു. മയക്കുമരുന്ന് കേസില്‍ ഇതിലേറെ ജയിലില്‍ കിടക്കുന്നവര്‍ ഉണ്ടെന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ ഓര്‍മ്മിപ്പിച്ചു.
ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെടുത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നാലാം പ്രതിയാണ് ബിനീഷ്. ഒക്ടോബര്‍ 29ന് അറസ്റ്റിലായ ബിനീഷ് നിലവില്‍ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് റിമാന്‍ഡില്‍ കഴിയുന്നത്. ബിനീഷിന്റെ ജാമ്യാപേക്ഷ ഇഡി പ്രത്യേക കോടതി ഫെബ്രുവരി 22ന് തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കോടിയേരി ബാലകൃഷ്ണന്റെ അര്‍ബുദാവസ്ഥ ഗുരുതരമാണെന്നും മകനായ താനുള്‍പ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങളുടെ സാമീപ്യം വേണ്ടതുണ്ടെന്നുമാണ് ബിനീഷ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. കോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അഭിഭാഷകന് ഹാജരാക്കിയിരുന്നു.