കോന്നി : “ഓടപ്പഴം പോലൊരു പെണ്ണിന് വേണ്ടി ഞാൻ കൂടപുഴയാകെ അലഞ്ഞോനാണ്ടി “. അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ കലാഭവൻ മണി എന്ന അനശ്വര കലാകാരൻ പാടിയ ഈ പാട്ടിൽ പറയുന്ന ഓടപ്പഴം കാണുവാൻ കോന്നിക്കാർക്കും കോന്നിയിൽ എത്തുന്ന സഞ്ചാരികൾക്കും അധികമൊന്നും അലയേണ്ടി വരില്ല. കാരണം ഓടപ്പഴം കല്ലാറിന്റെ കരയിലെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും വിളഞ്ഞിട്ടുണ്ട്.
കല്ലാറും മണ്ണീറ തോടും ചേരുന്ന കടവിലെ സംഗമ സ്ഥാനത്ത് നിൽക്കുന്ന പടുകൂറ്റൻ മണിമരുതിയിലാണ് ഓടപഴം പഴുത്തത്. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് സുപരിചിതമാണ് അടവിയിലെ ഈ മണിമരുതി. ഓടൽ, ചേല, കരണ്ടകം എന്നീ വള്ളി പടർപ്പുകൾ പടന്നുകയറിയ മണിമരുതി ഇവിടെ എത്തുന്ന കാഴ്ചക്കാർക്കും കൗതുകം ഉണർത്തുന്നുണ്ട്. വനത്തിനുള്ളിൽ കാണപ്പെടുന്ന ഈ വള്ളി പടർപ്പുകൾ അത്യപൂർവമായി മാത്രമേ ഒറ്റ മരത്തിൽ ഒന്നിച്ച് കാണുകയുള്ളൂ എന്ന് പഴമക്കാർ പറയുന്നു.
മഞ്ഞ നിറത്തിൽ മുത്തുകൾ പോലെ ഉണ്ടായ ഓടപ്പഴം മണിമരുതിക്കും താരപരിവേഷം നൽകുന്നു. ആയൂർവേദത്തിലെ പ്രധാന മരുന്നുകളിൽ ഒന്നായ ഓടൽ മനുഷ്യ ജീവിതത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നു. ഓടപ്പഴത്തിന്റെ കുരുവിൽ നിന്നും ലഭിക്കുന്ന ഓടത്തെണ്ണയാണ് ആറന്മുളയിൽ ഉൾപ്പെടെ നീറ്റിൽ ഇറക്കുന്ന പുതിയ ചുണ്ടൻ വള്ളങ്ങളിൽ തേക്കുന്നത്. പണ്ട് കാലങ്ങളിൽ ഓടത്തെണ്ണ ഉപയോഗിച്ച് കത്തിച്ച വിളക്കിൽ നിന്നും ലഭിക്കുന്ന കരി സ്ത്രീകൾ കണ്ണെഴുതുന്നതിനും ഉപയോഗിച്ചിരുന്നു. മനുഷ്യനും പക്ഷിമൃഗാദികളും എല്ലാം ഓടപ്പഴം ഭക്ഷിക്കാറുമുണ്ട്. പഴയ തലമുറക്ക് ഓടപ്പഴം സുപരിചിതമെങ്കിലും പുതിയ തലമുറ ഇതിനെ അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. പാട്ടുകളിൽ മാത്രം കേട്ടിരുന്ന ഓടപ്പഴം നേരിട്ട് കണ്ട സന്തോഷത്തിലാണ് കുട്ടവഞ്ചി സവാരികേന്ദ്രത്തിൽ എത്തുന്നവര്‍.
ജനങ്ങള്‍ക്കും പ്രതികരിക്കാം, തട്ടിപ്പും വെട്ടിപ്പും അഴിമതിയും തെളിവുകള്‍ സഹിതം നല്‍കാം. നല്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കും.വാര്‍ത്തകള്‍ നല്‍കാം ..
Whatsapp – 751045 3033, Mail – [email protected]
ചീഫ് എഡിറ്റര്‍ – പ്രകാശ് ഇഞ്ചത്താനം 94473 66263































