തൃശ്ശൂര്‍: കൊടകരയിലെ കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്. സംഭവത്തില്‍ ചില പോലീസുകാര്‍ക്കും പങ്കുണ്ടെന്നാണ് പുറത്തു വരുന്ന ഏറ്റവും പുതിയ വിവരം. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡല്‍ ലഭിച്ച പോലീസുകാരന്‍ ഉള്‍പ്പെടെ തൃശ്ശൂരിലെ മൂന്ന് പോലീസുകാര്‍ക്കാണ് കുഴല്‍പ്പണ കവര്‍ച്ചാസംഘവുമായി ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നത്.
കൊടകരയില്‍നിന്ന് പണം തട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇരിങ്ങാലക്കുട ഭാഗത്തുവെച്ച് പോലീസുകാരുടെ സഹായത്തോടെ പണം പിടിച്ചെടുക്കാന്‍ സംഘം ആസൂത്രണം ചെയ്തിരുന്നതായാണ് വിവരം. ഇതിനായി പോലീസുകാര്‍ക്ക് അഡ്വാന്‍സും നല്‍കി.
ഏപ്രില്‍ മൂന്നിനാണ് തെരഞ്ഞെടുപ്പിന് വിനിയോഗിക്കാനായി ഒരു ദേശീയ പാര്‍ട്ടി എറണാകുളത്തേക്ക് അയച്ച മൂന്നരക്കോടി രൂപയുടെ കുഴല്‍പ്പണം വ്യാജ വാഹനാപകടം ഉണ്ടാക്കി തട്ടിയെടുത്തത്. കേസില്‍ കഴിഞ്ഞ ദിവസം ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഴല്‍പ്പണ കവര്‍ച്ച പതിവാക്കിയ ക്വട്ടേഷന്‍ സംഘാംഗങ്ങളാണ് പിടിയിലായത്. ഇവരില്‍ ദീപക് എന്ന പ്രതിയില്‍നിന്നാണ് പോലീസുകാരുടെ പങ്കിനെക്കുറിച്ചുള്ള വിവരവും ലഭിച്ചത്.
തൃശ്ശൂരില്‍നിന്ന് പണവുമായി പുറപ്പെട്ട വാഹനം രണ്ട് വഴികളിലൂടെ എറണാകുളത്തേക്ക് പോകാനായിരുന്നു സാധ്യതയുണ്ടായിരുന്നത്. ഇതില്‍ ദേശീയപാതയിലൂടെ അങ്കമാലി വഴി എറണാകുളത്തേക്ക് പോവുകയാണെങ്കില്‍ കൊടകരയില്‍വെച്ച് കവര്‍ച്ചാസംഘം തന്നെ പണംതട്ടിയെടുക്കാനായിരുന്നു പദ്ധതി. ഇനി വാഹനം ഇരിങ്ങാലക്കുട പറവൂര്‍ വഴി എറണാകുളത്തേക്ക് പോവുകയാണെങ്കില്‍ പോലീസുകാരുടെ സഹായത്തോടെ പണം പിടിച്ചെടുക്കാനും ആസൂത്രണം ചെയ്തു.
തെരഞ്ഞെടുപ്പ് പരിശോധനയെന്ന പേരില്‍ വാഹനം തടഞ്ഞു നിര്‍ത്തി പണം പിടിച്ചെടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ വാഹനം തൃശ്ശൂരില്‍നിന്ന് ദേശീയപാത വഴി തന്നെ എറണാകുളത്തേക്ക് യാത്ര തിരിച്ചതോടെ മൂന്ന് കാറുകളിലായി പിന്തുടര്‍ന്ന കവര്‍ച്ചാസംഘം വ്യാജ അപകടമുണ്ടാക്കി കൊടകരയില്‍വെച്ച് പണവും വാഹനവും തട്ടിയെടുക്കുകയായിരുന്നു. അതേസമയം സംഭവത്തില്‍ പോലീസുകാര്‍ക്ക് പങ്കുണ്ടെന്ന വിവരം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പോലീസ് സേനയില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രഹസ്യാന്വേഷണവിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.