കോന്നി : കോന്നി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കരിഞ്ചെള്ള് ശല്ല്യം അതിരൂക്ഷം. കോന്നിയിലെ വിവിധ സ്ഥലങ്ങളായ ആവോലിക്കുഴി, കൊക്കാത്തോട്,അപ്പൂപ്പൻതോട്,അരുവാപ്പുലം,പ്രമാടം തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് കരിഞ്ചെള്ളുകൾ ജനജീവിതം ദുസഹമാക്കുന്നത്. കോന്നി ഗ്രാമപഞ്ചായത്തിൽ ഉള്‍പ്പെട്ട ആവോലിക്കുഴി പ്രദേശത്തെ നിരവധി വീടുകളിൽ കരിഞ്ചെള്ള് ശല്ല്യം അതിരൂക്ഷമായിരിക്കുകയാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ചെള്ളുകൾ കൂടുതലായും വർധിക്കുന്നത്. വീടിന്റെ മേച്ചിൽ ഓടുകൾക്കിടയിലും കോൺക്രീറ്റ് ഭിത്തികളിലും സ്ഥാനം പിടിക്കുന്ന ആയിരക്കണക്കിന് വരുന്ന ചെള്ളുകൾ മൂലം താമസിക്കാൻ പോലും പറ്റാത്ത അവസ്ഥയാണുള്ളത്. അടുക്കളിൽ ആഹാര സാധനങ്ങൾ പാചകം ചെയ്ത് കഴിക്കുവാൻ പോലും സാധിക്കില്ലെന്ന് വീട്ടമ്മമാർ പറയുന്നു.
മനുഷ്യ ശരീരത്തിൽ വീഴുന്ന ചെള്ളുകൾ പുറപ്പെടുവിക്കുന്ന രാസ പദാർത്ഥം ശരീരത്തിൽ വീണാൽ അസഹ്യമായ നീറ്റലും പുകച്ചിലും ഉണ്ടാകാറുണ്ട്. കൂടാതെ വീടിനുള്ളിൽ കയറി പറ്റുന്ന കരിഞ്ചെള്ളുകൾ അസഹ്യമായ ദുർഗന്ധവും പുറപ്പെടുവിക്കുന്നു. മനുഷ്യർക്ക് മാത്രമല്ല വളർത്ത് മൃഗങ്ങൾക്കും കരിഞ്ചെള്ളുകൾ ഭീഷണിയാകുന്നുണ്ട്.പശുവിന്റെയും മറ്റും ശരീരത്തിൽ കയറി കൂടുന്ന ചെള്ളുകൾ ഇവയെ പലപ്പോഴും പരിഭ്രാന്തരാക്കാറുമുണ്ടെന്ന് ക്ഷീര കർഷകർ പറയുന്നു. മൂട്ടയെ പ്രതിരോധിക്കുന്ന മരുന്നും വെള്ളത്തിൽ കലർത്തിയാണ് വീടുകളിലെ ചെള്ളുകളെ അകറ്റി ഇരുന്നത്.
എന്നാൽ ചെള്ള് അധികമായപ്പോൾ ഇതും രക്ഷയില്ലാതെയായി. ചെള്ളുകളെ തുരത്തുവാൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു ഇടപെടീലും ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. മുപ്ലി വണ്ട്, ഓട്ടെരുമ, ഓലച്ചാത്തൻ, ഓലപ്രാണി, കരിഞ്ചെള്ള് എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്ന ഈ ജീവികൾ റബ്ബർ തോട്ടങ്ങളിലാണ് കൂടുലായി കണ്ട് വരുന്നത്. ഡിസംബർ അവസാനത്തോടെ റബ്ബറിന്റെ ഇലപൊഴിയും സമയത്ത് റബ്ബർ തോട്ടങ്ങളിൽ പ്രത്യക്ഷപെടുന്ന കരിഞ്ചെള്ളുകൾ റബ്ബറിൽ നിന്ന് പൊഴിഞ്ഞ് വീഴുന്ന വാടിയ തളിരിലകളാണ് ആഹാരമാക്കുന്നത്. റബ്ബർ തോട്ടങ്ങളിലെ കരിയിലകൾക്കടിയിലാണ് ഇവ മുട്ടയിടുന്നതും. ഒരു പെൺവണ്ട് പത്ത് മുതൽ പതിനഞ്ച് മുട്ടകൾ വരെ ഇടാറുണ്ട്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് പ്രജനനസമയം.