ബിജിങ് : ഗാല്‍വാന്‍ അതിര്‍ത്തിയിലെ ഇന്ത്യ-ചൈന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം ഔദ്യോഗികമായി പുറത്തുവിട്ടതിനേക്കാള്‍ കൂടുതലാണെന്ന് അഭിപ്രായപ്പെട്ട പ്രശസ്ത ബ്ലോഗറെ ചൈനീസ് ഭരണകൂടം ജയിലിലടച്ചു. നാല് സൈനികര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ചൈനീസ് സര്‍ക്കാര്‍ പുറത്തുവിട്ടതിത്. എന്നാല്‍ ഇതിനേക്കാള്‍ കൂടുതല്‍ സൈനികര്‍ മരിച്ചെന്ന് പറഞ്ഞതിനാണ് നടപടി. ഇന്ത്യയുടമായുള്ള സംഘര്‍ഷത്തില്‍ നാല് സൈനികരുടെ ജീവന്‍ നഷ്ടമായെന്നാണ് ചൈന വെളിപ്പെടുത്തിയിരുന്നത്.
ചൈനീസ് സാമൂഹിക മാധ്യമമായ വെയ്‌ബോയില്‍ 24 ലക്ഷം ഫോളോവേഴ്‌സ് ഉള്ള ക്വി സിമിങ്ങിനെയാണ് എട്ട് മാസം തടവിന് ശിക്ഷിച്ചത്. നാന്‍ജിങ് കോടതിയുടേതാണ് വിധി. രക്തസാക്ഷികളെ അപമാനിക്കല്‍ നിയമപ്രകാരമാണ് ശിക്ഷ. ഈ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യത്തെയാളാണ് ക്വി സിമിങ്.
മാസങ്ങളുടെ നിശബ്ദതക്ക് ശേഷം ഫെബ്രുവരിയിലാണ് ഗല്‍വാന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ചൈനീസ് സര്‍ക്കാര്‍ വെളിപ്പെടുത്തിയത്. ഇന്ത്യക്ക് 20 സൈനികരുടെ ജീവന്‍ സംഘര്‍ഷത്തില്‍ നഷ്ടമായി. ചൈനക്ക് 40ഓളം സൈനികരെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഔദ്യോഗിക മരണസംഖ്യ പുറത്തുവിടാന്‍ ചൈന തയ്യാറായില്ല. ചൈനീസ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കിനേക്കാള്‍ കൂടുതല്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് ക്വി സിമിങ് പറഞ്ഞത്. തുടര്‍ന്ന് അറസ്റ്റിലായി.