ആലപ്പുഴ: ഈ മാസം നീല, വെള്ള റേഷന്‍ കാര്‍ഡുടമകള്‍ക്കു മണ്ണെണ്ണ ലഭിക്കില്ല. കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷത്തെ രണ്ടാംപാദത്തിലേക്ക് അനുവദിച്ചതു 9264 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ്. ജൂലൈ 1 മുതലാണു രണ്ടാംപാദമായി കണക്കാക്കുന്നത്. ഇതില്‍ 4344 കിലോ ലിറ്റര്‍ ജൂലൈയിലും 3444 കിലോ ലിറ്റര്‍ ഓഗസ്റ്റിലും വിതരണം ചെയ്തു. ബാക്കിയുള്ള 1476 കിലോ ലിറ്റര്‍ മണ്ണെണ്ണ മുഴുവന്‍ കാര്‍ഡുടമകള്‍ക്കുമായി നല്‍കാന്‍ തികയില്ല. അതിനാല്‍ മുന്‍ഗണനേതര വിഭാഗങ്ങളെ പൂര്‍ണമായി ഒഴിവാക്കി വിതരണം നടത്താനാണു നിര്‍ദ്ദേശം.
മുന്‍ഗണനാ വിഭാഗങ്ങളിലെ വൈദ്യുതിയുള്ള വീടുകള്‍ക്ക് അര ലിറ്ററും വൈദ്യുതിബന്ധമില്ലാത്ത വീടുകളില്‍ നാലു ലിറ്ററുമാണു നല്‍കുക. ഇതിനായി ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൈദ്യുതീകരിച്ച വീടുകള്‍ കണ്ടെത്തി മണ്ണെണ്ണ വിതരണം ക്രമീകരിക്കുകയും വേണം. 120 കിലോ ലീറ്റര്‍ മണ്ണെണ്ണയാണു ജില്ലയുടെ വിഹിതം.