ഇന്ത്യൻ വിപണിയിൽ ഏറ്റവും പുതിയ സ്പോർട്സ് ബൈക്ക് പുറത്തിറക്കി ബിഎംഡബ്ല്യു മോട്ടോറാഡ്. ബിഎംഡബ്ല്യു എം 1000 ആർആർ (BMW M 1000 RR) എന്ന മോട്ടോർ സൈക്കിളാണ് കമ്പനി രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ബിഎംഡബ്ല്യുവിന്റെ ജനപ്രിയമായ ലിറ്റർ ക്ലാസ് ഓഫറായ എസ് 1000 ആർആറിന്റെ സ്‌പോർട്ടിയർ പതിപ്പാണ് ഇത്. ബിഎംഡബ്ല്യു എം 1000 ആർആർ വേഗതയിലും കരുത്തിലും അതിശയിപ്പിക്കുന്ന മോഡലാണ്. ഈ ബൈക്കിന്റെ വിലയും സവിശേഷതകളും നോക്കാം.
ബിഎംഡബ്ല്യു എം 1000 ആർആർ അഗ്രസീഫ് സ്പോർട്സ് ഡിസൈനുമായിട്ടാണ് വരുന്നത്. ഇത് ട്രാക്ക് ഓറിയന്റഡ് ആയ ബൈക്കാണെന്ന് കാഴ്ചയിൽ തന്നെ വ്യക്തമാകും. സ്റ്റാൻഡേർഡ്, കോംപറ്റീഷൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഈ ബൈക്ക് ലഭ്യമാകുന്നത്. ബിഎംഡബ്ല്യു എം 1000 ആർആർ സ്റ്റാൻഡേർഡ് വേരിയന്റിന് ഇന്ത്യയിൽ 49,00,000 രൂപയാണ് എക്സ് ഷോറൂം വില. കോംപറ്റീഷൻ വേരിയന്റിന് 55,00,000 രൂപ എക്സ് ഷോറൂം വിലയുണ്ട്. ഇത് കമ്പനി ഇന്ത്യയിൽ നൽകുന്ന ഏറ്റവും വില കൂടിയ മോട്ടോർസൈക്കിൾ മോഡലാണ്. ബിഎംഡബ്ല്യു എം 1000 ആർആർ മോട്ടോർസൈക്കിളിന് എസ് 1000 ആർആർ എന്ന മോഡലിന് സമാനമായ ബോഡി വർക്കാണുള്ളത് ഇതിന്. എന്നാൽ കാർബൺ-ഫൈബർ ബോഡി വർക്ക്, വിംഗ്‌ലെറ്റുകൾ, കാർബൺ വീലുകൾ, ബിഎംഡബ്ല്യുവിന്റെ സിഗ്നേച്ചർ എം തീം പെയിന്റ് സ്കീം എന്നിവയും പുതിയ ബൈക്കിൽ കമ്പനി നൽകിയിട്ടുണ്ട്. ബിഎംഡബ്ല്യു എം 1000 ആർആർ സ്റ്റാൻഡേർഡ് മോഡൽ ലൈറ്റ് വൈറ്റിലും കോംപറ്റീഷൻ മോഡൽ ബ്ലാക്ക് സ്റ്റോം മെറ്റാലിക്കിലുമാണ് ലഭ്യമാകുന്നത്.
ബിഎംഡബ്ല്യു എം 1000 ആർആർ മോട്ടോർസൈക്കിളിന് കരുത്ത് നൽകുന്നത് 999 സിസി, ഇൻലൈൻ, ഫോർ-സിലിണ്ടർ എഞ്ചിനാണ്. ഈ എഞ്ചിൻ 211 ബിഎച്ച്പി പവറും 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്ററും സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ചുമുള്ള ബൈക്കിൽ 6 സ്പീഡ് ഗിയർബോക്സാണ് ബിഎംഡബ്ല്യു നൽകിയിട്ടുള്ളത്. ഈ ബൈക്കിന് 314kmph വേഗത കൈവരിക്കാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു. ഈ പവറിനെ നിയന്ത്രിക്കാൻ ബൈക്കിൽ റൈഡർ എയ്‌ഡുകളുടെ വലിയ നിര തന്നെ നൽകിയിട്ടുണ്ട്. ബിഎംഡബ്ല്യു എം 1000 ആർആർ ബൈക്കിൽ എബിഎസ്, ട്രാക്ഷൻ കൺട്രോൾ, സ്ലൈഡ് കൺട്രോൾ, ഏഴ് റൈഡ് മോഡുകൾ (റെയിൻ, റോഡ്, ഡൈനാമിക്, റേസ്, റേസ് പ്രോ 1, 2, 3), ലോഞ്ച് കൺട്രോൾ, വീലി കൺട്രോൾ, സ്റ്റിയറിംഗ് സ്റ്റെബിലൈസർ, ക്രൂയിസ് കൺട്രോൾ, ഡ്രോപ്പ് സെൻസർ, ഹിൽ സ്റ്റാർട്ട് എന്നീ സവിശേഷതകളുണ്ട്. ബിഎംഡബ്ല്യു എൻഡ്യൂറൻസ് ചെയിൻ, ജിപിഎസ് ലാപ് ട്രിഗർ, കാർബൺ റിയർ ഫെൻഡർ, എയ്‌റോ വീൽ കവർ, എയർ ബോക്‌സ് കവർ, ബില്ലറ്റ് പാക്ക് എന്നിവയും ബൈക്കിന്റെ സവിശേഷതകളാണ്.
റീബൗണ്ട്, കംപ്രഷൻ, പ്രീലോഡ് അഡ്ജസ്റ്റബിലിറ്റി എന്നിവയുള്ള യുഎസ്ഡി ഫ്രണ്ട് ഫോർക്കുകളാണ് ബിഎംഡബ്ല്യു എം 1000 ആർആർ ബൈക്കിലുള്ളത്. പിന്നിലെ മോണോഷോക്കിലും ഈ സവിശേഷതകൾ ഉണ്ട്. ബൈക്കിലെ ബ്രേക്കിങ് ഹാർഡ്‌വെയറിൽ ഡ്യുവൽ 320 എംഎം ഫ്രണ്ട് ഡിസ്‌കുകളും ഡ്യുവൽ ചാനൽ എബിഎസുള്ള സിംഗിൾ 220 എംഎം റിയർ യൂണിറ്റും ഉൾപ്പെടുന്നു. ബിഎംഡബ്ല്യു എം 1000 ആർആർ ബൈക്ക് 17 ഇഞ്ച് കാർബൺ വീലുമായിട്ടാണ് വരുന്നത്.