കൊച്ചി :ഭരണഘടനാദത്തമായി ലഭിച്ച റോഡ് സുരക്ഷാനിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഹൈക്കോടതി. അപകടകരമായ കൈയേറ്റങ്ങള്‍ പോലും നീക്കം ചെയ്യാതെ റോഡ് സുരക്ഷയ്‌ക്കായുള്ള ഫണ്ട് ദുര്‍വിനിയോഗം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്‌തമാക്കി. റോഡിലെ കൈയേറ്റങ്ങള്‍ മൂന്നു മാസത്തിനകം നീക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കേരളത്തിലെ റോഡുകളില്‍ അപകടകരമായി നിലകൊള്ളുന്ന പരസ്യബോര്‍ഡുകള്‍, ഫ്‌ളക്‌സുകള്‍, റോഡരികിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍, കെട്ടിടാവശിഷ്‌ടങ്ങള്‍, ഇരുമ്പു തൂണുകള്‍ എന്നിവ നീക്കം ചെയ്യണം. അപകടകരമാവംവിധം റോഡ് വെട്ടിപ്പൊളിക്കുന്നത് കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കുമെന്നും ചീഫ് ജസ്‌റ്റീസ് എസ്. മണികുമാര്‍, ജസ്‌റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്‌തമാക്കി.
2019 റോഡ് സുരക്ഷയ്‌ക്കായി 70 കോടി രൂപ അനുവദിച്ചെങ്കിലും ചെലവിടാതെ വകമാറ്റിയിരിക്കുകയാണെന്നും റോഡ് സുരക്ഷയ്‌ക്കുവേണ്ടിയുള്ള ഫണ്ട് അട്ടിമറിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. റോഡ് സുരക്ഷാ സെമിനാറുകള്‍ നടത്തി തുക ചെലവിട്ടതായി കാണിക്കുകയാണ്. സുപ്രീംകോടതിയുടെ മോണിറ്ററിങ് കമ്മിറ്റി നിലനിൽക്കുമ്പോഴാണ് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ഫണ്ട് വകമാറ്റുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ഇന്ന് ചീഫ് സെക്രട്ടറിക്ക് കൈമാറുമെന്ന് ഹര്‍ജിക്കാരനായ മനുഷ്യാവകാശ സംരക്ഷണകേന്ദ്രം ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത് അറിയിച്ചു.