ചെങ്ങന്നൂർ: ചരിത്രം തിരിച്ചൊഴുക്കില്ലാത്ത പ്രയാണമാണെന്ന് മിസോറാം ഗവർണ്ണർ അഡ്വ: പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. 2019-ലെ ബോധിനി പുരസ്കാരങ്ങൾ വിതരണം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഛാശക്തിയുള്ള രാഷ്ട്രീയ നേതാക്കളെയാണ് സമൂഹത്തിനാവശ്യം. രാഷ്ട്രീയത്തിനതീതമായി മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാൻ കഴിയണം. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം മഹാപ്രവാഹത്തിന്റെ ഗതി പ്രവാഹമാണ് നാടിന്റെ സ്പന്ദനം എന്നും അദ്ദേഹം പറഞ്ഞു.
കർമ്മ ബോധിനി, കലാബോധിനി, അക്ഷര ബോധിനി, ബോധിനി പ്രഭാ എന്നീ പുരസ്കാകാരങ്ങൾ യഥാക്രമം എൻ.കെ.സുകുമാരൻ നായർ, മധുരാഘവൻ, ബിന്ദു.ആർ തമ്പി, സി. മായമ്മ, എന്നിവർക്ക് ഗവർണർ വിതരണം ചെയ്തു. ബോധിനി ഡയറക്ടർ കെ.ആർ പ്രഭാകരൻ നായർ രചിച്ച കാലത്തിനൊപ്പം എന്ന ഗ്രന്ഥത്തിന്റെ പ്രകാശന കർമ്മവും അദ്ദേഹം നിർവ്വഹിച്ചു. ഇതോടൊപ്പം 22 പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. വണ്ടിമല ദേവസ്ഥാൻ ആഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സജി ചെറിയാൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ചരിത്രകാരൻ ഡോ.എം.ജി ശശിഭൂഷൺ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ കെ.ഷിബു രാജൻ, കവി ഒ.എസ് ഉണ്ണികൃഷ്ണൻ, സാഹിത്യകാരി മേഘാ സുധീർ, ബോധിനി ഡയറക്ടർ കെ.ആർ പ്രഭാകരൻ നായർ എന്നിവർ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് ബോധിനി പ്രഭാകരൻ നായർ ഏകദിന ഉപവാസം നടത്തിയിരുന്നു. ദേശീയ സ്വാതന്ത്രസമരവും മഹാത്മ ഗാന്ധിയും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും നടത്തി.