അൽഅഹ്സ : സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സ മുബാറസിൽ ഹൃദയാഘാതംമൂലം മരിച്ച ബിഹാർ ഔറംഗബാദ് സ്വദേശി മുഹമ്മദ് തൗഫീഖിന്റെ (52) മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി മുബാറസിൽ ഖബറടക്കി. ഫെബ്രുവരി 21നാണ് മരിച്ചത്. കഴിഞ്ഞ 27 വർഷമായി മുബാറസിലെ അൽ ജൗഹറെന്ന സ്വദേശി കുടുംബത്തിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഔറംഗബാദിലെ റാഫി ഗഞ്ച് എന്ന ഗ്രാമത്തിൽ ഭാര്യയും നാല് മക്കളുമടങ്ങുന്ന നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. തങ്ങളുടെ കൂട്ടത്തിലെ ഒരാളെ പോലെയാണ് അൽ ജൗഹർ കുടുംബം തൗഫീഖിനെ കണ്ടിരുന്നത്. അതുകൊണ്ട് ആ കുടുംബത്തിലെ അംഗങ്ങളെ വല്ലാതെ ദു:ഖത്തിലാഴ്ത്തി മരണമെന്ന് മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത മലയാളി സാമൂഹിക പ്രവർത്തകരും സുഹൃത്തുക്കളും പറഞ്ഞു.
തൗഫീഖിന്റെ പാസ്പോർട്ട് സംബന്ധമായ ചില പ്രശ്നങ്ങൾകാരണം നടപടിക്രമങ്ങളിൽ തടസ്സം നേരിട്ടപ്പോൾ സുഹൃത്ത് നിസാം പന്മന അൽഅഹ്സ ഒ.ഐ.സി.സി നേതാക്കളുമായി ബന്ധപ്പെടുകയും സാമൂഹിക പ്രവർത്തകൻ പ്രസാദ് കരുനാഗപ്പള്ളി റിയാദ് ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ ശരിയാക്കുകയായിരുന്നു. അൽജൗഹർ കുടുംബത്തിലെ നിരവധിയാളുകൾക്കൊപ്പം അൽഅഹ്സയിലെ സാമൂഹിക പ്രവർത്തകരായ പ്രസാദ് കരുനാഗപ്പള്ളി, ഫൈസൽ വാച്ചാക്കൽ, ഉമർ കോട്ടയിൽ, നൗഷാദ് താനൂർ, ഷമീർ പാറക്കൽ, നിസാം പന്മന എന്നിവരും തൗഫീഖിന്റെ നിരവധി സുഹൃത്തുക്കളും ഖബറടക്കൽ ചടങ്ങിൽ പങ്കെടുത്തു.