റാന്നി: പമ്പാനദിയിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് തെങ്കാശി ചാങ്ങമരം സ്വദേശി കാർത്തിക് (22)ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കളുമൊത്ത് ഐത്തല ഭഗവതികുന്ന് കടവില്‍ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. അങ്ങാടി പുല്ലൂപ്രം വരൂർ മാരാം തോട്ടത്തിൽ കടവിൽ നിന്നാണ് അഗ്നിശമന സേനയുടെ സ്‌കൂബാ ടീ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്. റാന്നി ഇട്ടിയപ്പാറ ടൗണിൽ ബൈപ്പാസ് ജംഗ്ഷനിൽ തട്ടുകടയില്‍ ജോലിചെയ്തു വരികയായിരുന്നു. കാർത്തിക്കും മറ്റ് രണ്ട് സുഹൃത്തുക്കളും ചേർന്നാണ് ഭഗവതികുന്ന് ക്ഷേത്ര കടവിന് മുകളിൽ തോമ്പിൽക്കടവിലെത്തിയത്.
നദിയിൽ എല്ലാവരും ചേർന്ന് കുളിക്കുന്നതിനിടയിൽ കാർത്തിക്കിനെ കൂടെയുള്ളവർ കണ്ടില്ല. ഉടൻ തന്നെ താഴെക്ക് പോയി തിരഞ്ഞെങ്കിലും കാണാഞ്ഞതിനെ തുടർന്ന് തിരികെ ലോഡ്ജിലെത്തി വിവരം പറയുകയും അഗ്നിശമന സേനയിലും പോലീസിലും വിവരം അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടൻ തന്നെ റാന്നി പോലീസും അഗ്നിശമന സേനയും പത്തനംതിട്ടയിൽ നിന്ന് എത്തിയ സ്കൂമ്പാ സംഘവും ചേർന്ന് വൈകിട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ വീണ്ടും പോലീസും അഗ്നിശമന സേനയും നടത്തിയ തിരച്ചിൽ ഉച്ചകഴിഞ്ഞ് 4 മണിയോടെ നദിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. റാന്നി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. റാന്നി ഇട്ടിയപ്പാറ – ഐത്തല റോഡിൽ ഭഗവതികുന്ന് ക്ഷേത്ര പടിയിൽ ലോഡ്ജിലാണ് കാർത്തിക്ക് കടയിലെ മറ്റ് തൊഴിലാളികളോടൊപ്പം താമസിച്ചിരുന്നത്.