കൊച്ചി : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിന്റെ വിവിധയിടങ്ങളില്‍ ബോംബ് സ്ഫോടനം നടത്തുമെന്നറിയിച്ച് കൊച്ചി സിറ്റി പോലീസിനു ഭീഷണി സന്ദേശം അയച്ച രണ്ടുപേരെ ഹരിയാനയില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡല്‍ഹി സ്വദേശിയായ നിധിന് ഏലിയാസ് ഹാലിദ്, ഹരിയാന സ്വദേശി ഹക്കം എന്നിവരെയാണ് കൊച്ചിയില്‍ നിന്നുള്ള പ്രത്യേക പോലീസ് സംഘം തിങ്കളാഴ്ച പിടികൂടിയത്. പ്രതികളുമായി പോലീസ് സംഘം ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്കു തിരിച്ചു.
ജനുവരി 25ന് ആയിരുന്നു എറണാകുളം നോര്‍ത്ത് എസ് ഐ അനസിനു മൊബൈലില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിനെ തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം പ്രതികളെ തേടി എസ്ഐ അനസ്, എഎസ്ഐ വിനോദ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഹരിയാനയിലേക്ക് പോയിരുന്നു.
കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ കേരളാ പോലീസിന്റെ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഹക്കമിന്റെ ഫോണില്‍നിന്നും നിധിന് ഏലിയാസ് ഹാലിദാണു സന്ദേശം അയച്ചതെന്നാണു പോലീസിന് പ്രാഥമിക വിവരം ലഭിച്ചിരിക്കുന്നത്. കൊച്ചിയിലെത്തിച്ചു ചോദ്യം ചെയ്താല്‍ മാത്രമേ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.