ചാലക്കുടി : വീട്ടുടമയെ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ബോംബെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. നിരവധി അടി പിടി കേസുകളിലും മറ്റും പ്രതിയായ പനമ്പിള്ളി കോളേജിന് പിറകില്‍ താമസിക്കുന്ന മുല്ലശേരി വീട്ടില്‍ മിഥുന്‍ ഗോപി (22 ) ആണ് ഒളിവില്‍ കഴിയുന്നതിനിടെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ക്രിമിനല്‍ വെട്ടുക്കല്‍ ഷൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനെതിരെ പോലീസിന് വിവരം ചോര്‍ത്തി നല്‍കിയെന്ന സംശയത്തിന്റെ പേരില്‍ ഷൈജുവും സംഘവും പനമ്പിള്ളി കോളേജിന് സമീപം താമസിക്കുന്ന പരാതിക്കാരനെ വകവരുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
ഇതിനെതിരെ ചാലക്കുടി സ്റ്റേഷനില്‍ പരാതിപ്പെട്ടതിന്‍റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ വൈരാഗ്യത്തിലാണ് ഷൈജുവും സില്‍ബന്ധിയായ മിഥുനും വീട്ടുടമയുടെ നേരെ നാടന്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഷൈജുവിനെ പിടികൂടിയെങ്കിലും ബാംഗ്ലൂരിലേക്ക് കടന്ന മിഥുന്‍ അവിടെ മഡിവാളയില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് ചാലക്കുടി ഡിവൈഎസ്പി സി.ആര്‍ സന്തോഷിന്റെ നിര്‍ദ്ദേശപ്രകാരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എസ് സന്ദീപ്, സബ് ഇന്‍സ്പെക്ടര്‍ എം.എസ് ഷാജന്‍, എഎസ് ഐ ഷിബു സി.പി. സീനിയര്‍ സിപിഒമാരായ എ.യു റെജി, ഷാജു കട്ടപ്പുറം, വിജയകുമാര്‍ , ജിബി ടി.സി എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തില്‍ മിഥുന്‍ മഡിവാളയില്‍ ഉണ്ടെന്ന് സൂചന കിട്ടി. തുടര്‍ന്ന് പ്രത്യേകാന്വേഷണ സംഘം അവിടെയെങ്കിലും പോലീസിന്റെ സാന്നിധ്യം മനസിലാക്കിയ മിഥുന്‍ രക്ഷപെട്ട് തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ വസ്ത്രങ്ങള്‍ മാറാന്‍ വീട്ടിലേക്ക് പോകുന്ന വഴിയില്‍ നിന്നും പുലര്‍ച്ചെ പിടികൂടുകയായിരുന്നു.