മുംബൈ (മഹാരാഷ്ട്ര): മുംബൈയിൽ നിന്നും ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കിയതിനു പിന്നാലെ വീണ്ടും രണ്ട് വിമാനങ്ങൾക്കും ട്രയിനിനും ബോംബ് ഭീഷണി. ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിൽ നിന്ന് ഹൗറയിലേക്കുള്ള ട്രെയിൻ തിങ്കളാഴ്ച മഹാരാഷ്ട്രയിലെ ജൽഗാവ് സ്റ്റേഷനിൽ നിർത്തി വിശദമായി പരിശോധന നടത്തി. തുടർന്ന് യാത്ര തുടരാൻ അനുമതി നൽകുകയായിരുന്നു. മുംബൈ-ഹൗറ ട്രെയിൻ-12809ൽ ബോംബ് വെച്ചിരിക്കുന്നതായി പുലർച്ചെ നാലുമണിയോടെ മുംബൈ കൺട്രോൾ റൂമിൽ സന്ദേശം ലഭിക്കുകയായിരുന്നുവെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിക്കുകയുണ്ടായി.
സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല. ടൈമർ ബോംബ് ഉപയോഗിച്ച് ട്രെയിൻ സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണിയെന്ന് സെൻട്രൽ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ പറഞ്ഞു. മുംബൈയിൽ നിന്ന് പുറപ്പെടുന്ന രണ്ട് ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി ഉണ്ടായതിനെ തുടർന്ന് വിമാനത്തിൽ വിശദ പരിശോധന നടത്തിയിരുന്നു. മസ്‌കത്തിലേക്ക് പോകുന്ന 6E 1275 വിമാനത്തിനും ജിദ്ദയിലേക്ക് പോകുന്ന 6E 56 വിമാനത്തിനുമാണ് ഭീഷണി ലഭിച്ചതെന്ന് ഇൻഡിഗോ വക്താവ് പറഞ്ഞു. തുടർന്ന് രണ്ട് വിമാനങ്ങളും ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് മാറ്റി പരിശോധന നടത്തിയതായി അധികൃതർ അറിയിച്ചു.