റാന്നി: ‘ഉള്ളെഴുത്ത്’ പുസ്തകപ്രകാശനവും സാംസ്‌കാരിക സദസ്സും നടന്നു. പുസ്തകം റാന്നി എം എല്‍ ഏ അഡ്വ: പി. എന്‍. പ്രമോദ് നാരായണന്‍ പത്തനംതിട്ട ഡപ്യൂട്ടി ജില്ലാ കളക്ടര്‍ ആര്‍ രാജലക്ഷ്മിയ്ക്ക് ആദ്യകോപ്പി നല്‍കി പ്രകാശനകര്‍മ്മവും സാംസ്‌കാരികസമ്മേളനം ഉദ്ഘാടനവും നിര്‍വഹിച്ചു. മലയാളത്തിലെ ആദ്യ പുസ്തകാലയമായ കോന്നി വീനസ് ബുക്ക് ഡിപ്പോ & ബുക്ക് പബ്ലിഷിങ് കമ്യൂണിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘ഉള്ളെഴുത്ത്’. സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധേയയായ പ്രവാസി എഴുത്തുകാരിയായ ശശികല നായരുടെ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ കുറിപ്പുകളുടെ സമാഹാരമാണിത്. റാന്നി കാട്ടൂര്‍ എന്‍ എസ് എസ് കരയോഗം ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരികസമ്മേളനത്തില്‍ അതിവേഗചിത്രകാരനും സചിത്രപ്രഭാഷകനുമായ അഡ്വ: ജിതേഷ്ജി അധ്യക്ഷത വഹിച്ചു.
കരമന എന്‍ എസ് എസ് വിമിന്‍സ് കോളേജ് മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ അനില ജി നായര്‍ പുസ്തകാവതരണം നിര്‍വഹിച്ചു. ചെറുകോല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ സന്തോഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ഗീതാകുമാരി, പഞ്ചായത്ത് മെമ്പര്‍ ജി ഗോപകുമാര്‍, എന്‍ എസ് എസ് കരയോഗം പ്രസിഡന്റ് പ്രൊഫ: ബി ഹരികുമാര്‍, ഓണ്‍ലൈന്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് കെ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ വി വിജയമ്മ ടീച്ചര്‍ സ്വാഗതവും ഗ്രന്ഥകാരി ശശികല നായര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ഗ്രന്ഥകാരി ശശികല നായരെ പത്തനംതിട്ട ഡപ്യുട്ടി ജില്ലാകളക്ടര്‍ ആര്‍ രാജലക്ഷ്മി പൊന്നാടയണിയിച്ച് ആദരിച്ചു.