ശ്രീനഗര്‍: അതിര്‍ത്തിയോടു ചേര്‍ന്ന് പാകിസ്താന്‍ സ്ഥാപിച്ചിരിക്കുന്ന ഓരോ ലോഞ്ചിങ് പാഡിലും മുന്നൂറോളം ഭീകരര്‍ ഉണ്ടാകുമെന്ന് അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്) ഇന്‍സ്പെക്ടര്‍ ജനറല്‍ രാജേഷ് മിശ്ര. 200 മുതല്‍ 300 വരെ ഭീകരര്‍ ഓരോ ലോഞ്ച് പാഡിലുമുണ്ടെന്നാണ് വിവരം. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനുള്ള അവരുടെ ഓരോ ശ്രമങ്ങളും സുരക്ഷസേന തകര്‍ത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
”പാകിസ്താന്റെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങളെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് വീടകള്‍ തകരുന്നതടക്കം ഒട്ടേറെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മനുഷ്യാവകാശ ലംഘനത്തിന്റെ പ്രശ്നം തീര്‍ച്ചയായും ഉയര്‍ത്തേണ്ടതുണ്ട് – മിശ്ര പറഞ്ഞു. പാകിസ്താന്റെ നിരന്തര വെടിനിര്‍ത്തല്‍ ലംഘനം സംബന്ധിച്ച് എന്ത് സന്ദേശമാണ് രാജ്യാന്തര സമൂഹത്തിന് നല്‍കാനുള്ളതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
നവംബര്‍ 13ന് ജമ്മു -കശ്മീരില്‍ നടന്ന രണ്ടു വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ മൂന്നു ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഉറി സെക്ടറില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടുപേരും ഗുരേസ് സെക്ടറില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്.