അല്ലു അർജുൻ ചിത്രം പുഷ്പയിൽ താൻ അവതരിപ്പിച്ച ഐറ്റം ഡാന്‍സിനെ വിമർശിച്ചവർക്കു മറുപടി നൽകി നടി സമാന്ത. മുൻപ് ഒരു അഭിമുഖത്തിൽ പ്രിയങ്ക ചോപ്ര പറഞ്ഞ വാക്കുകൾ കടമെടുത്താണ് താരത്തിന്റെ പ്രതികരണം. സ്ത്രീകൾ എന്താണു ചെയ്യേണ്ടതെന്നു സ്ത്രീകൾക്ക് അറിയാമെന്നും സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള സാഹചര്യം വേണമെന്നുമുള്ള പ്രിയങ്ക ചോപ്രയുെട വാക്കുകളുമായാണ് സമാന്ത രംഗത്തെത്തിയത്. പുഷ്പയിലെ പാട്ടിനു നേരെ വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം.
പുഷ്പയിലെ സമാന്തയുടെ ഡാൻസ് നമ്പർ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടതാണ്. നടിയുടെ വ്യക്തിത്വത്തെ പോലും മാനിക്കാതെ പലരും വസ്ത്രധാരണത്തിന്റെ പേരിൽ വിമർശന സ്വരമുയർത്തി. സമാന്തയുടെ വിവാഹബന്ധ തകർച്ചയെക്കുറിച്ചും അനാവശ്യ പരാമർശങ്ങളുണ്ടായി. പിന്നാലെയാണ് പ്രിയങ്ക ചോപ്രയുടെ വിഡിയോയുമായി നടി രംഗത്തെത്തിയത്. പുഷ്പയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് സമാന്തയുടെ ഐറ്റം ഡാൻസ്. താരത്തിന്റെ കരിയറിലെ ആദ്യ ഐറ്റം ഡാൻസ് ആണിത്. ഇതിനായി നടി കോടികൾ പ്രതിഫലം കൈപ്പറ്റിയെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ പാട്ടിലെ വരികൾ പുരുഷവിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ച് പുരുഷ സംഘടന പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്. പാട്ട് പിൻവലിക്കണമെന്നാണ് ഇവരുടെ ആവശ്യം.