കൊച്ചി: ഇത്തവണ നോട്ടക്ക് വോട്ട് ചെയ്യാനൊരുങ്ങി ബ്രഹ്മപുരം നിവാസികള്‍. ബ്രഹ്മപുരം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണ് നാട്ടുകാര്‍ നോട്ടക്ക് വോട്ട് ചെയ്യുന്നത്. പലതവണ സമരം നടത്തിയിട്ടും അധികൃതരുമായി ബന്ധപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് വേറിട്ട പ്രതിഷേധത്തിനൊരുങ്ങുന്നത്. കൊച്ചി നഗരസഭയിലെ മാലിന്യം സംസ്കരിക്കുന്നതിന് 12 വര്‍ഷം മുമ്പാണ് ബ്രഹ്മപുരത്ത് പ്ലാന്റ് ആരംഭിച്ചത്. പിന്നീട് ജില്ലയിലെ പത്തോളം നഗരസഭകളുടെയും പഞ്ചായത്തുകളുടെയും മാലിന്യവും ഇവിടെ തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയാണ്. മനുഷ്യ വിസര്‍ജ്യം അടക്കമുള്ളവ ഇവിടെ ഉപേക്ഷിക്കുന്ന സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
വര്‍ഷത്തില്‍ മൂന്ന് തവണ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതും ഇടക്കിടെ ഉണ്ടാകുന്ന തീപിടിത്തവും മൂലമുണ്ടാകുന്ന വിഷവാതകം ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കാണ് വഴിവെക്കുന്നത്. പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്ക് കത്തെഴുതിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് സമീപവാസികള്‍ വ്യക്തമാക്കി. മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നതും സര്‍വ സാധാരണമായതോടെയാണ് സമ്മതിദാനാവകാശം പ്രതിഷേധ സമരമാക്കി മാറ്റാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് പ്രദേശത്ത് മുഴുവന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.