പത്തനംതിട്ട : കോവിഡ് 19 വൈറസിന്റെ വ്യാപന സാധ്യതയും വേഗതയും പ്രവചനാതീതമാണ്. സാധ്യമായ എല്ലാ രീതിയും ഉപയോഗിച്ച് വ്യാപനം ഗണ്യമായി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുകയാണ്. ഇതിന്റെ ഭാഗമായി തുടക്കമിട്ട ശുചിത്വ ബോധവല്‍ക്കരണം ബ്രേക്ക് ദി ചെയിന്‍ കാമ്പയിന്റെ ഭാഗമായി സിവില്‍ സര്‍വീസ് മേഖലയില്‍ കേരള എന്‍ജിഒ യൂണിയന്‍ പ്രചാരണം തുടങ്ങി. എല്ലാ ഓഫീസിലും ഹാന്‍ഡ് സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ്, സോപ്പ് എന്നിവ നല്‍കുകയും ശുചിത്വ രീതികള്‍ എങ്ങനെ പിന്‍തുടരാം, ഒപ്പം വൃത്തിയായി കൈ കഴുകേണ്ടത് എങ്ങനെയാണ് എന്നുള്ള ആരോഗ്യവകുപ്പിന്റെ നിര്‍ദേശവും വിശദീകരിച്ചാണ് കാമ്പയിന്‍ നടത്തുന്നത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ.എല്‍ ഷീജ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എസ്. രേഖയ്ക്ക് ഹാന്‍ഡ് സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ്, സോപ്പ് എന്നിവ നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു. വ്യക്തി ശുചിത്വമാണ് പ്രധാനം. ഹസ്തദാനം പേലെ പരസ്പരം സ്പര്‍ശിച്ചുള്ള ആശംസകള്‍ ഒഴിവാക്കുക. മുഖം, മൂക്ക് കണ്ണുകള്‍ ഇവയില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. തുമ്മുമ്പോഴും ചുമയ്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മറയ്ക്കുക. വ്യക്തിശുചിത്വത്തില്‍ ഏറ്റവും പ്രധാനമാണ് കൈകളുടെ ശുചിത്വം. സോപ്പ്, ഹാന്‍ഡ് വാഷ് എന്നിവ ഉപയോഗിച്ച് വൈറസ് ഭീതി ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും കൈകള്‍ ശുചിയായി സൂക്ഷിക്കുന്ന ശീലം നമ്മളില്‍ ഉണ്ടാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍. ഷീജ പറഞ്ഞു.
എന്‍. ജി. ഒ. യൂണിയന്‍ ജില്ലാ സെക്രട്ടറി ഡി. സുഗതന്‍, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എസ്. ബിനു, മാത്യൂ. എം. അലക്‌സ്, ജില്ലാ വൈസ് പ്രസിഡന്റ് എസ്.ലക്ഷ്മീദേവി എന്നിവര്‍ പങ്കെടുത്തു. ഓഫീസുകളില്‍ നടന്ന ശുചിത്വ ബോധവല്‍ക്കരണ ക്ലാസുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് ജീവനക്കാരനും എന്‍ജിഒ യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റുമായ ജി. അനീഷ്‌കുമാര്‍ നയിച്ചു. കൈകള്‍ എങ്ങനെയാണ് കഴുകേണ്ടത്, വ്യക്തി ശുചിത്വം എങ്ങനെ പരിപാലിക്കാം എന്നിങ്ങനെയുള്ള വിശദീകരണം ഓഫീസുകളില്‍ നടത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം ആദര്‍ശ്കുമാര്‍, സിവില്‍സ്റ്റേഷന്‍ ഏരിയ സെക്രട്ടറി വി. പ്രദീപ്, പ്രസിഡന്റ് വി. ഷാജു, വി.പി. തനൂജ, എം.എ. സജിത എന്നിവര്‍ കാമ്പയിന് നേത്യത്വം നല്‍കി.