ളാഹ: നാട്ടില്‍ എന്തോ വൈറസ് രോഗം പടര്‍ന്നിട്ടുണ്ട്…അതിനാല്‍ പുറത്തു നിന്നും എത്തുന്നവരില്‍ നിന്ന് അകന്നുനില്‍ക്കണം… കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആദിവാസി ഊരുകളിലുള്ളവരും ജാഗ്രതയിലാണ്…ളാഹ മഞ്ഞത്തോട് ആദിവാസി മേഖലയിലെ തങ്കയും, തങ്കമണിയും, ആശയും ഓമനയും എല്ലാം വൈറസിനെ പ്രതിരോധിക്കാന്‍ തയ്യാറായിക്കഴിഞ്ഞു.
ഇപ്പോള്‍ പുറത്തുനിന്നും ആരെങ്കിലും എത്തിയാല്‍ മുന്‍കരുതലുകളോടെയാണു സമീപനം. അതിനാലാണ് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റാന്നി അഡിഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ നേതൃത്വത്തില്‍ ളാഹ മഞ്ഞത്തോട് ആദിവാസി മേഖലയില്‍ സംഘടിപ്പിച്ച ബ്രേക്ക് ദി ചെയിന്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സംഘത്തെ കണ്ടപ്പോള്‍തന്നെ അവര്‍ ആദ്യം ഓടിമറഞ്ഞത്. കോവിഡോ, കൊറോണയോ ഒന്നും അറിയില്ലെങ്കിലും നാലു വയസുള്ള സുബിയും, അഞ്ചു വയസുള്ള അലീനയും മറ്റു കുരുന്നുകളുമെല്ലാം ഏതോ വലിയ ആപത്ത് മണത്തറിഞ്ഞതു പോലെ മുതിര്‍ന്നവര്‍ക്കൊപ്പം ഓടി മറഞ്ഞു. പിന്നീട് സംഘം വന്നതിന്റെ ലക്ഷ്യം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞപ്പോള്‍ എല്ലാവരും പുറത്തേക്കുവന്നു.
തുടര്‍ന്ന് കോവിഡ് 19 പകരുന്നവിധവും വ്യക്തിശുചിത്വം, കൈ കഴുകല്‍ എന്നിവയെല്ലാം സംബന്ധിച്ച് റാന്നി ശിശുവികസന പദ്ധതി ഓഫീസര്‍ കെ.ജാസ്മിന്‍ വിശദീകരിച്ചത് വളരെ ഉത്സാഹത്തോടെ എല്ലാവരും കേട്ടുനിന്നു. വെള്ളവും സോപ്പും ലഭ്യമാക്കിയാല്‍ കൈ കഴുകുന്നതിനു സമ്മതമാണെന്നും ആദിവാസി വിഭാഗം അറിയിച്ചു. സംഘം നിര്‍ദ്ദേശിച്ച രീതിയില്‍ എല്ലാവരും കൈ കഴുകി. ഈ മേഖലയില്‍ വെള്ളത്തിനു ബുദ്ധിമുട്ടുള്ളതിനാല്‍ ഒരു കിലോമീറ്റര്‍ ദൂരെയുള്ള വനത്തില്‍ നിന്നുമാണ് ഇവര്‍ വെള്ളമെടുക്കുന്നത്. ഇവിടെ ടാങ്കുകളില്‍ വെള്ളം എത്തിക്കേണ്ട അവസ്ഥയാണുള്ളതെന്നു് സംഘാംഗങ്ങള്‍ പറഞ്ഞു. പന്തളം, അട്ടത്തോട് എന്നീ അങ്കണവാടികളിലെ വര്‍ക്കര്‍മാര്‍ എത്തിച്ച രണ്ടു ടാങ്കുകള്‍ ഇവിടെയുണ്ട്. മഞ്ഞത്തോട് ആദിവാസി മേഖലയില്‍ സംഘടിപ്പിച്ച ബ്രേക്ക് ദി ചെയിന്‍ കാമ്പയിന്‍ വാര്‍ഡ് അംഗം രാജന്‍ വെട്ടിക്കല്‍, മുന്‍ വാര്‍ഡ് അംഗം ഉത്തമന്‍, അംഗന്‍വാടി വര്‍ക്കര്‍ കുഞ്ഞുമോള്‍ , ശിശുവികസന പദ്ധതി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.