തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരില്‍ ഒരു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് തകര്‍ന്നു. അശാസ്ത്രീയമായ നിര്‍മ്മാണമാണ് റോഡ് തകരാന്‍ കാരണമെന്നാരോപിച്ച് കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. അപകടകരമായ റോഡിലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചു. ഇന്ന് പുലര്‍ച്ചെയാണ് പുന്നാവൂര്‍ പാലത്തേക്കുള്ള അപ്രോച്ച് റോഡ് തകര്‍ന്നത്.
കഴിഞ്ഞ മാസം ആറിനാണ് ഏഴു കോടി ചെലവാക്കിയുള്ള പാലവും അപ്രോച്ച് റോഡും പൊതുമരാമത്ത് മന്ത്രി ഉദ്ഘടനം ചെയ്തത്. നെയ്യാറില്‍ നിന്നും കൃഷിയാവശ്യത്തിന് വെള്ളമെത്തിക്കുന്ന കനാലിന് കുറുകേയാണ് പാലം പണിതത്. ഇതിലേക്കുള്ള അപ്രോച്ച് റോഡ് നിര്‍മ്മാണത്തില്‍ അപകാതയുണ്ടെന്ന് നിര്‍മ്മാണ സമയത്തുതന്നെ ചൂണ്ടികാണിച്ചതാണെന്ന് നാട്ടുകാര്‍ പറയുന്നു. വാട്ടര്‍ അതോററ്റിയുടെ പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കാത്തതും, ഓട നിര്‍മ്മിക്കാത്തും, പില്ലര്‍ വാര്‍ത്ത് നിര്‍മ്മാണം നടത്താത്തതുമാണ് റോഡിന് താഴെയുള്ള മണ്ണ് ഒലിച്ചുപോകാനിടയായത്. സ്‌കൂള്‍ കുട്ടികളും നാട്ടുകാരുമുള്‍പ്പെടെ നിരവധികുടുബംങ്ങള്‍ ഉപയോഗിക്കുന്ന റോഡാണ് തകര്‍ന്നത്.