ഏഥൻസ്: ഗ്രീക്ക് ദ്വീപായ സാന്റെ കലമാകിയിൽ അവധിയാത്രയ്ക്കെത്തിയ ബ്രിട്ടിഷ് യുവതിക്ക് പഫർ മത്സ്യത്തിന്റെ കടിയേറ്റതായി റിപ്പോർട്ട്. വിഷമുള്ള ഇനത്തിൽപ്പെട്ട മത്സ്യത്തിന്റെ ആക്രമണത്തെ തുടർന്ന് യുവതി സ്വകാര്യ ക്ലിനിക്കിൽ അടിയന്തര ചികിത്സ തേടി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് തുറമുഖ അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു. മെഡിറ്ററേനിയൻ കടലിൽ വ്യാപകമായി കാണപ്പെടുന്ന പ്രത്യേകതരം പഫർ മത്സ്യമാണ് യുവതിയെ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഗ്രീസിന്റെ വിവിധ തീരപ്രദേശങ്ങളിലും ആക്രമണകാരികളായ ഇത്തരം പഫർ മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. കടലിൽ നീന്താനിറങ്ങുന്നവരിൽ നിന്ന് ഇവയെ അകറ്റിനിർത്തുന്നതിനുള്ള കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ അധികൃതർ പദ്ധതിയിടുന്നുണ്ട്.
മനുഷ്യർക്ക് അപകടമുണ്ടാക്കാൻ ശേഷിയുള്ള പല്ലുകളാണ് ചില പഫർ മത്സ്യങ്ങൾക്കുള്ളത്. എല്ലുകൾ, മരം, ലോഹം തുടങ്ങിയവ പോലും കീറാൻ കഴിയുന്ന ശക്തമായ പല്ലുകളുള്ള ഇനങ്ങളും ഇവയിൽ ഉൾപ്പെടുന്നു. കടിയേറ്റുണ്ടാകുന്ന പരുക്കുകൾക്ക് പുറമെ പഫർ മത്സ്യത്തെ ഭക്ഷിക്കുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. ചില പഫർ മത്സ്യങ്ങളിൽ ശക്തമായ ന്യൂറോടോക്സിനായ ടെട്രോടോടോക്സിൻ അടങ്ങിയിട്ടുണ്ട്. വിഷാംശമുള്ള ഇനങ്ങളെ ഭക്ഷിക്കുന്നതിനെതിരെ വിവിധ രാജ്യങ്ങളിൽ നിയന്ത്രണങ്ങളുമുണ്ട്. വിഷം ശരീരത്തിൽ പ്രവേശിച്ചാൽ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.




























