തൃശൂർ : കുതിരാൻ തുരങ്കത്തിൽ 78 കിലോ കഞ്ചാവുമായി സഹോദരങ്ങൾ പിടിയിൽ. പുത്തൂർ സ്വദേശി അരുൺ (30), അഖിൽ (29) എന്നിവരെയാണ് ലഹരിവിരുദ്ധ സ്വാഡും പീച്ചി പോലീസും ചേർന്ന് പിടികൂടിയത്. ആഡംബരക്കാറിൽ കഞ്ചാവ് കടത്താനായിരുന്നു ശ്രമം. കഞ്ചാവിന് പുറമെ മൂന്ന് കിലോ ഹഷീഷ് ഓയിലും രണ്ട് ലക്ഷം രൂപയും പോലീസ് ഇവരിൽ നിന്നും പിടിച്ചെടുത്തു. ലഹരി വസ്തുക്കൾക്ക് 3.75 കോടി രൂപ വിപണി മൂല്യമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. രണ്ടു കാറുകളിലായാണ് പ്രതികൾ വന്നത്. പ്രതികളിൽ ഒരാൾ ഒരു കാറിൽ മുന്നിൽ സഞ്ചരിക്കുകയും തടസങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം രണ്ടാമൻ അടുത്ത കാറിൽ ലഹരിമരുന്നുമായി വരുന്നതാണ് രീതി.