തിരുവനന്തപുരം : കോൺഗ്രസുകാർ പരസ്പരം അഭിസംബോധന ചെയ്യുന്നത് എന്താണെന്ന് ഇന്നലെ വ്യക്തമായെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ‘ആത്മാഭിമാനമുള്ള കോൺഗ്രസുകാരും നേതാക്കളും ഇത് പരിശോധിക്കണം. സിപിഎമ്മുകാർ പരസ്പരം കണ്ടാൽ സഖാവേ എന്നാണ് വിളിക്കുക”. റിയാസ് പറഞ്ഞു. കോണ്‍ഗ്രസിന്‍റെ ‘സമരാഗ്നി’ പരിപാടിയിൽ ബിജെപിക്കെതിരെ മുദ്രാവാക്യമുണ്ടായില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
വാർത്താസമ്മേളനത്തിനെത്താൻ വൈകിയതിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ അസഭ്യവാക്കുകള്‍ പറഞ്ഞ സംഭവത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. കെ.പി.സി.സിയുടെ സമരാഗ്നി യാത്രയുടെ ഭാഗമായ വാർത്താസമ്മേളനം ഇന്നലെ ആലപ്പുഴയിൽ വിളിച്ചിരുന്നു. രാവിലെ പത്ത് മണിക്കുള്ള വാര്‍ത്താസമ്മേളനത്തിന് 10.28ന് കെ.സുധാകരൻ സ്ഥലത്തെത്തി. എന്നാൽ പ്രതിപക്ഷ നേതാവ് എത്തിയില്ല. ഡി.സി.സി അധ്യക്ഷൻ ബാബു പ്രസാദിനോട് വിളിച്ചു നോക്കാൻ സുധാകരൻ ആവശ്യപ്പെട്ടു. പിന്നെയും 20 മിനിറ്റ് കാത്തിരുന്നിട്ടും സതീശൻ എത്തിയില്ല. ഇതോടെയാണ് സുധാകരൻ കുപിതനായി ഇയാളിതെവിടെ പോയി കിടക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് അസഭ്യം പറഞ്ഞത്.