ഒറ്റപ്പാലം: രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ടവോട്ടര്‍മാരുടെ പട്ടികയില്‍ പിശകെന്ന് പരാതി. ഒറ്റപ്പാലം മണ്ഡലത്തിലെ വോട്ടര്‍മാരും ഇരട്ടകളുമായ അരുണും വരുണുമാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഇരട്ട സഹോദരങ്ങളായ തങ്ങളെ ഇരട്ടവോട്ടര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും പ്രതിപക്ഷ നേതാവിനെതിരെ നിമന നടപടി സ്വീകരിക്കുമെന്നും വരുണ്‍ വ്യക്തമാക്കി. മണ്ഡലത്തിലെ 135ാം ബൂത്തിലെ വോട്ടര്‍മാരാണ് അരുണും വരുണും.
ഇന്നലെയാണ് വ്യാജ, ഇരട്ടവോട്ടുള്ളവരുടെ പട്ടിക പ്രതിപക്ഷ നേതാവ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഓപ്പറേഷന്‍ ട്വിന്‍സ് വെബ്‌സൈറ്റ് ലക്ഷക്കണക്കിന് വ്യാജ വോട്ടര്‍മാരുടെ വിശദമായ ലിസ്റ്റുമായി വൈറലായി. മൂന്ന് തരത്തിലുള്ള വ്യാജന്മാരെയാണ് തരംതിരിച്ച് വെബ്‌സൈറ്റില്‍ നിരത്തിയിരിക്കുന്നത്. ഒരേ ഫോട്ടോ ഉപയോഗിച്ച് വ്യത്യസ്ത പേരുകളില്‍ വോട്ടര്‍ പട്ടികയിലുള്ളവര്‍, ഒരേ വോട്ടര്‍ രണ്ട് മണ്ഡലങ്ങളിലുള്ളവര്‍, ഒരേ മണ്ഡലത്തില്‍ വ്യത്യസ്ത ബൂത്തുകളിലുള്ളവര്‍ എന്നിങ്ങിനെ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ലിസ്റ്റ്.