ഡൽഹി: സ്ഥലത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. ബിഹാറിലെ ഖഗാരിയ ഗ്രാമത്തിലാണ് സംഭവം. തന്റെ കൃഷിയിടത്തിൽ വിത്ത് വിതയ്ക്കുന്നതിന് ഇടയിലാണ് യുവതിയെ കൊലപ്പെടുത്തിയത്. കൊല നടത്തിയ നാലംഗ സംഘം ഒളിവിലാണ്. യുവതിയുടെ കണ്ണ് കത്തികൊണ്ട് ചൂഴ്ന്നെടുത്തു. നാവ് മുറിച്ചെടുക്കുകയും സ്വകാര്യ ഭാഗങ്ങൾ ഛേദിക്കുകയും ചെയ്തു. അയൽക്കാരായ അഞ്ച് പേർക്കെതിരെയാണ് യുവതിയുടെ കുടുംബം പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഏറെ വർഷങ്ങളായി നിലനിൽക്കുന്ന സ്വത്ത് തർക്കമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്.
ഏതാനും വർഷം മുൻപ് ഇപ്പോൾ കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവും ഭർതൃസഹോദരനും ഇതേ ഭൂമിയെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ കൊല്ലപ്പെട്ടിരുന്നു. യുവതിക്കെതിരെ പ്രതികൾക്ക് വലിയ വിദ്വേഷം നിലനിന്നിരുന്നതായാണ് പൊലീസ് പറയുന്നത്. യുവതിയുടെ കൊലപാതകത്തിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ ദേശിയ പാത ഉപരോധിച്ചു. പ്രതികളെ പോലീസ് പിടികൂടുന്നത് വരെ യുവതിയുടെ മൃതദേഹം സംസ്കരിക്കില്ലെന്നാണ് നാട്ടുകാർ നിലപാടെടുത്തത്. പ്രതികളെ ഉടൻ പിടികൂടാൻ നടപടി എടുക്കും എന്ന പൊലീസ് ഉറപ്പിന്മേലാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.