ആലപ്പുഴ : കിടപ്പുരോഗിയായ വീട്ടമ്മയെ വീട്ടിനുള്ളിൽ കഴുത്തിനു മുറിവേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ മകനെ പോലീസ് അറസ്റ്റുചെയ്തു. മാങ്കാംകുഴി കല്ലിമേൽ ബിനീഷ് ഭവനത്തിൽ പരേതനായ മോഹനൻ ആചാരിയുടെ ഭാര്യ ലളിത(60)യെയാണ് ശനിയാഴ്ച വൈകുന്നേരം മരിച്ചനിലയിൽ കണ്ടെത്തിയത്.
സ്ഥിരം മദ്യപിക്കുന്ന മകൻ ബിനീഷ് വീട്ടിൽവെച്ച് മദ്യപിക്കുന്നതിനെ ലളിത ചോദ്യംചെയ്തിരുന്നു. അതിന്റെ വൈരാഗ്യത്തിൽ കഴുത്തിൽ നൈറ്റിമുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് മാവേലിക്കര പോലീസ് വ്യക്തമാക്കി. ബിനീഷ് കുറ്റം സമ്മതിച്ചു.
പ്രമേഹബാധിതയായ ലളിതയുടെ ഒരു കാൽ മുറിച്ചുമാറ്റിയിരുന്നു. മകനോടൊപ്പമാണ് താമസിച്ചിരുന്നത്. ബിനീഷ് തന്നെയാണ് മരണവിവരം പ്രദേശവാസികളോടു പറഞ്ഞത്. മകൾ: ബിന്ദു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട് നടക്കും.