തടിയുര്‍ : ബിഎസ്എന്‍എല്ലിന്റെ ഇടപ്പാവൂര്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നിര്‍ത്തലാക്കി. എക്‌സ്‌ചേഞ്ചിലെ ഉപകരണങ്ങള്‍ ഞായറാഴ്ച വൈകുന്നേരത്തോടെ പൊളിച്ചു നീക്കിയ സാധനങ്ങള്‍ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. ഇടപ്പാവൂര്‍ വില്ലോത്ത് മുക്കിലെ വാടക കെട്ടിടത്തിലാണ് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. റാന്നി, ചെറുകോല്‍പുഴ എന്നീ ടെലിഫോണ്‍ എക്‌സ് ചേഞ്ചുകളുടെ പരിധിയിലുള്ള കണക്ഷനുകളാണ് ഇടപ്പാവൂരിലേക്കു മാറ്റിയിരുന്നത്. ഒഎഫ്സി കേബിള്‍ മുഖാന്തിരം പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ചായ ഇവിടെ താല്‍ക്കാലിക ജീവനക്കാരേയും നിയമിച്ചിരുന്നു.
ബിഎസ്എന്‍എല്ലിന്റെ സാമ്പത്തിക പ്രതിസന്ധി കാതണം താല്‍ക്കാലിക ജീവനക്കാരെയെല്ലാം പിരിച്ചുവിട്ടു. ഇതോടെ എക്‌സ്ചേഞ്ച് ആളില്ലാത്ത അവനസ്ഥയായി. തുറക്കുന്നത് വല്ലപ്പോഴും മാത്രമായി. മൊബൈല്‍ ഫോണുകളുടെ വ്യാപനത്തോടെ കണക്ഷനുകളുടെ എണ്ണവും കുറഞ്ഞിരുന്നു. നിലവിലുള്ള സ്ഥിരം ജീവനക്കാരും ഇവിടെയെത്തിയിരുന്നില്ലെന്ന് സമീപവാസികള്‍ പറയുന്നു. വാടക ലഭിക്കുന്നതും വല്ലപ്പോഴും മാത്രമായിരുന്നെന്ന് ഉടമ പറയുന്നു.വാടക കെട്ടിടങ്ങള്‍ ഒഴിവാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് എക്‌സ്ചേഞ്ച് നിര്‍ത്തിയത്. നിലവിലെ കണക്ഷനുകള്‍ മാറ്റിക്കൊടുത്തെന്നാണ് പൊളിച്ചു നീക്കാനെത്തിയവര്‍ അറിയിച്ചത്.