ഇന്ത്യൻ ടെലിക്കോം മേഖലയിൽ കുറഞ്ഞ നിരക്കിൽ പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ ബിഎസ്എൻഎല്ലിനുള്ള അത്ര മികവ് മറ്റൊരു കമ്പനിക്കും അവകാശപ്പെടാനാകില്ല. ബിഎസ്എൻഎല്ലിന്റെ പല പ്ലാനുകളും അതേ നിരക്കിൽ എതിരാളികൾ നൽകുന്ന ആനുകൂല്യങ്ങളെക്കാൾ മുന്നിൽ നിൽക്കുന്നവയായിരിക്കും. എന്നാൽ 4ജി, 5ജി സേവനങ്ങളുടെ അഭാവം മൂലം പലരും ബിഎസ്എൻഎല്ലിനെ തെരഞ്ഞെടുക്കാൻ മടിക്കുന്നു. കാര്യമായ നെറ്റ് വര്‍ക്ക് വേഗത ഇല്ലാത്തതിനാലാണ് ബിഎസ്എൻഎൽ സേവനങ്ങൾക്ക് നിരക്ക് കുറവ് എന്ന് ചിലർ ചൂണ്ടിക്കാട്ടാറുണ്ട്. എന്നാൽ പൊതുജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു പൊതുമേഖലാ സ്ഥാപനം കൂടിയാണ് ബിഎസ്എൻഎൽ. ഒരു ബിസിനസ് സ്ഥാപനമെന്ന നിലയിൽ ലാഭം നേടുക എന്നതിന് മുൻതൂക്കം നൽകുമ്പോഴും രാജ്യത്തോടുള്ള പ്രതിബദ്ധത ബിഎസ്എൻഎൽ കൈവിടാറില്ല.
ബിഎസ്എൻഎല്ലിന് എതിരേയുള്ള പരാതികൾക്ക് അവസാനം കുറിക്കുമെന്ന് കരുതുന്ന ബിഎസ്എൻഎൽ 4ജി വ്യാപനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 4ജി വ്യാപനം പൂർത്തിയായ ശേഷം ഒരു സോഫ്ട്വേർ അപ്ഗ്രേഡേഷനിലൂടെ 5ജിയിലേക്ക് മാറാൻ സാധിക്കുന്ന രീതിയിലാണ് കാര്യങ്ങൾ മുന്നേറുന്നത്. 4ജി സേവനങ്ങൾ ആരംഭിക്കുമ്പോൾ അതിന് അനുസരിച്ച് നിലവിലുള്ള നിരക്കുകളിൽ വർധന വരുത്താൻ കമ്പനി ഉദ്ദേശിക്കുന്നില്ലെന്ന് അധികൃതർ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ബിഎസ്എൻഎൽ സേവനത്തിൽ തികഞ്ഞ സംതൃപ്തി പുലർത്തുന്ന ഒരു വിഭാഗം വരിക്കാരുണ്ട്. ഇത് കൂടാതെ ബിഎസ്എൻഎൽ സിം സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവരും ഏറെ. തങ്ങളുടെ ഈ വരിക്കാർക്കായി ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുള്ളതിൽ ഒരു മികച്ച പ്ലാൻ ആണ് 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. സ്വകാര്യ ടെലിക്കോം കമ്പനികളിൽ നിന്നുള്ള സമാന ഓഫറുമായി താരതമ്യം ചെയ്യുമ്പോൾ ബിഎസ്എൻഎല്ലിൽ നിന്നുള്ള 299 രൂപയുടെ പ്ലാൻ മികച്ചതാണ്. കാരണം ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ധാരാളം ഡാറ്റക്കൊപ്പം കോളിങ് സൗകര്യവും നൽകുന്ന പ്രതിമാസ പ്ലാനുകൾ തേടുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് പരിഗണിക്കാവുന്ന മികച്ച പ്ലാനാണിത്. ഇതിലെ ആനുകൂല്യങ്ങൾ നോക്കാം.
299 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ : ബിഎസ്എൻഎല്ലിന്റെ 299 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 3 ജിബി പ്രതിദിന ഡാറ്റയാണ് വരിക്കാർക്ക് ലഭിക്കുന്നത്. ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഈ 3ജിബി ഡാറ്റ തന്നെയാണ്. കാരണം നിലവിൽ ഇന്ത്യയിൽ 299 രൂപയ്ക്ക് ഏറ്റവും കൂടുതൽ ഡാറ്റ നൽകുന്ന പ്ലാൻ ആണിത്. 3 ജിബി പ്രതിദിന ഡാറ്റ നൽകുന്ന പ്ലാനുകൾ മറ്റ് കമ്പനികൾ നൽകുന്നുണ്ടെങ്കിലും അവയുടെ നിരക്ക് ഇതിനെ അപേക്ഷിച്ച് കൂടുതലാണ്. 299 രൂപ നിരക്കിൽ സ്വകാര്യ ടെലികോം കമ്പനികൾ സാധാരണയായി 2 ജിബി 1.5 ജിബി പ്രതിദിന ഡാറ്റ മാത്രമാണ് നൽകുന്നത്. മറ്റൊരു പ്രധാന നേട്ടം വാലിഡിറ്റിയുടെ കാര്യത്തിലാണ്. എന്തെന്നാൽ 299 രൂപയുടെ ഈ പ്ലാൻ ഉപയോക്താക്കൾക്ക് 30 ദിവസത്തെ വാലിഡിറ്റി തികച്ചും നൽകുന്നുണ്ട്.
——–
ഇതേ വിലയിൽ എത്തുന്ന ചില സ്വകാര്യ കമ്പനികളുടെ പ്ലാനുകളിൽ ഉപയോക്താക്കൾക്ക് ഏകദേശം 28 ദിവസം വരെ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ ലഭ്യമാകുക. ഡാറ്റാ ആനുകൂല്യങ്ങൾക്ക് പുറമെ ഈ പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ദിവസം 100 എസ്എംഎസും ലഭിക്കുന്നു. അതേസമയം ഈ ബിഎസ്എൻഎൽ പ്ലാനിനൊപ്പം മറ്റ് അധിക ആനുകൂല്യങ്ങളൊന്നും കമ്പനി നൽകുന്നില്ല. ദിവസവും വലിയ അളവിൽ പ്രതിദിന ഡാറ്റ വേണ്ട ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് പരിഗണിക്കാവുന്ന നിരവധി ഓപ്ഷനുകളിൽ ഒന്നാണിത്. എന്നാൽ ബിഎസ്എൻഎല്ലിൽ ഇത്ര മികച്ച പ്ലാനുകൾ ഉണ്ടായിട്ടും സ്വകാര്യകമ്പനികളുടെ പ്ലാനുകളോടാണ് ആളുകൾക്ക് ഇഷ്ടം. 4ജി എത്തുന്നതോടെ ഈ സമീപനം മാറുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.