റാന്നി: വായനയുടെ വളർച്ചയും സർഗാത്മക വികസനവും ലക്ഷ്യമിട്ട് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ബഡ്ഡിംഗ് റൈറ്റേഴ്സ് എഴുത്തുകൂട്ടം ശില്പശാല വായനക്കൂട്ടത്തിന് റാന്നി ബി.ആർ.സിയിൽ തുടക്കമായി.
മികച്ച വായനക്കാരിലേക്കും എഴുത്തുകാരിലേക്കും കുട്ടിയെ നയിക്കുന്നതിനും സഹായിക്കുന്നതിനുള്ള ഈ പദ്ധതി കേവല വായനയ്ക്കപ്പുറം വായനയെ നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നതിനും ഒരു വായന സംസ്കാരം രൂപപ്പെടുത്തുന്നതിനും സഹായിക്കുന്നു. വ്യത്യസ്തമായ എഴുത്ത് വഴികൾക്കപ്പുറം രചനകളെക്കുറിച്ചും ഗ്രന്ഥകാരന്മാരെ കുറിച്ചും കുട്ടി അറിയണം. ഭാഷാ പഠന മുന്നേറ്റത്തിനപ്പുറം മറ്റ് വിഷയങ്ങൾ പഠിക്കുന്നതിനും ഇത് സഹായിക്കും.
അർത്ഥപൂർണ്ണമായ വായനയിലേക്കും സ്വതന്ത്ര രചനകളിലേക്കും കുട്ടിയെ നയിക്കുന്നതിനും ഈ ശില്പശാല ലക്ഷ്യമിടുന്നു. ക്യാമ്പിനോടനുബന്ധിച്ച് പുസ്തക പ്രദർശനം, എം.ടി ചിത്ര-പത്രപ്രദർശനം, ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം എന്നിവയും നടന്നു. ഉദ്ഘാടന വേളയിൽ പ്രമുഖ സാഹിത്യകാരന്മാരുടെ മുഖംമൂടി ധരിച്ച കുട്ടികൾ ക്യാമ്പ് അംഗങ്ങൾക്ക് കൗതുകമായി. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് റൂബി കോശി ശില്പശാല ഉദ്ഘാടനം ചെയ്തു. ബി.പി.സി ഷാജി എ.സലാം അധ്യക്ഷത വഹിച്ചു. ശില്പശാലക്ക് നേതൃത്വം നൽകുന്ന കടുമീൻചിറ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക എസ്. ശിവപ്രിയ രക്ഷിതാക്കൾക്കുവേണ്ടി ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാരായ സൈജു സക്കറിയ, അനുഷ ശശി എന്നിവർ പ്രസംഗിച്ചു.