മണിപ്പൂർ: വര്‍ഗീയ കലാപത്തിന് പിന്നാലെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ മണിപ്പൂരില്‍ സന്ദര്‍ശനം നടത്തി സുപ്രീം കോടതി ജഡ്ജിമാര്‍. ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള സംഘം ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചു. അതേസമയം മെയ്‌തെയ് വിഭാഗക്കാരനായ ജഡ്ജി കൊടിശ്വര്‍ സിങ്, കുക്കി മേഖലയായ ചുരാചന്ദ്പൂര്‍ സന്ദര്‍ശനത്തില്‍ നിന്നും വിട്ട് നിന്നു. കുക്കി വിഭാഗങ്ങളുടെ ക്യാമ്പ് സന്ദര്‍ശിക്കരുതെന്ന ജില്ലാ ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോടീശ്വര്‍ സിംഗ് വിട്ട് നിന്നത്.
നാഷനല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയര്‍മാനായ സുപ്രീം കോടതി ജഡ്ജി, ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇംഫാലിലെത്തിയത്. കനത്ത സുരക്ഷയില്‍ ജഡ്ജിമാരുടെ സംഘം ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. കലാപ ബാധിതര്‍ക്ക് നിയമപരവും മാനുഷികവുമായ സഹായം ഉറപ്പാക്കാന്‍ ആയിരുന്നു ജഡ്ജിമാരുടെ സന്ദര്‍ശനം. കുക്കി വിഭാഗങ്ങളുടെ ക്യാമ്പിലെത്തിയ സംഘം പ്രത്യേക സഹായവും കൈമാറി.