തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് നാളെ. ചില നികുതി നിർദ്ദേശങ്ങളുണ്ടാകുമെങ്കിലും ക്ഷേമ പദ്ധതികൾക്കായിരിക്കും കൂടുതല്‍ ഊന്നൽ. സാമ്പത്തിക അവകലോകന റിപ്പോർട്ട് ഇന്ന് ധനമന്ത്രി നിയമസഭയിൽ വെയ്ക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇത്തവണ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. വരുമാനം വർദ്ധിപ്പിക്കാൻ മദ്യത്തിന്റെ വിലവർദ്ധന ഉൾപ്പടെയുള്ള നിർദ്ദേശങ്ങളുണ്ടാകും. ഒപ്പം നികുതി പിരിവ് കാര്യക്ഷമമാക്കാനുള്ള നടപടികളും. പെൻഷൻപ്രായം കൂട്ടില്ലെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.
എന്നാൽ വരുമാന വർദ്ധനക്ക് ഭൂമിയുടെ ന്യായവില കൂട്ടണമെന്ന നിർദ്ദേശം സജീവമാണ്. അടുത്ത വർഷം തെരഞ്ഞെടുപ്പായതിൽ ജനക്ഷേമപദ്ധതികൾക്ക് ബജറ്റില്‍ ഊന്നൽ നൽകാനാണ് സാധ്യത. കേന്ദ്രനികുതി വിഹിതത്തിൽ കുറവുണ്ടായെങ്കിലും ക്ഷേമപദ്ധതികൾക്ക് ഊന്നൽ നൽകണമെന്നാണ് സർക്കാർ തീരുമാനം. കിഫ്ബിയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കില്ല. നവകേരള നിർമ്മാണത്തിന് കൂടുതൽ പദ്ധതികളുടെ പ്രഖ്യാപനവും പ്രതീക്ഷിക്കുന്നുണ്ട്. രണ്ട് പ്രളയത്തിന് ശേഷമുള്ള സംസ്ഥാനത്തിന്റെ അവസ്ഥ വ്യക്തമാക്കുന്ന സാമ്പത്തിക അവകലോക റിപ്പോര്‍ട്ടായിരിക്കും ധനമന്ത്രി ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കുന്നത്.