പത്തനംതിട്ട : സുരക്ഷിതമായി മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലെ ഓരോ പണിയും പഠിക്കുകയാണ് ഭിന്നശേഷി കുട്ടികള്‍. ജില്ലയിലെ കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് ബഡ്‌സ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണു വിവിധതരം വീട്ടുജോലികള്‍ പഠിക്കുന്ന തിരക്കിലുള്ളത്.
സോഷ്യല്‍ ഡെവലപ്മെന്റ് സംസ്ഥാന മിഷന്റെ നിര്‍ദേശപ്രകാരം ലോക്ക്ഡൗണ്‍ സമയം ഭിന്നശേഷികുട്ടികള്‍ക്ക് എത്രത്തോളം ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കുമെന്നും അവര്‍ക്ക് അവരുടെ ദൈനംദിന ജീവിത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്താനാകുമെന്നും വിലയിരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സോഷ്യല്‍ ഡെവലപ്മെന്റ് ജില്ലാ പ്രോഗ്രാം മാനേജര്‍ ബി.എന്‍ ഷീബ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഓണ്‍ലൈനിലൂടെയും ഫോണിലൂടെയുമാണു വേണ്ട നിര്‍ദേശങ്ങള്‍ ദിവസവും നല്‍കുന്നത്. പത്തനംതിട്ട മുന്‍സിപ്പാലിറ്റി ബഡ്‌സ് റീഹാബിറ്റേഷന്‍ സെന്റര്‍(ബി.ആര്‍.സി), മലയാലപ്പുഴ ബഡ്‌സ് സ്‌കൂള്‍, റാന്നി പെരുനാട് ബി.ആര്‍.സി, പന്തളം മുന്‍സിപ്പാലിറ്റി ബഡ്‌സ് സ്‌കൂള്‍, പന്തളം തെക്കേക്കര കാരുണ്യ ബി.ആര്‍.സി, പറക്കോട് പള്ളിക്കല്‍ പഞ്ചായത്ത് ബി.ആര്‍.സി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് അവരവരുടെ വീടുകളിലിരുന്നു കൃഷി മുതല്‍ വീട്ടുകാര്യങ്ങള്‍വരെ പഠിക്കുന്നത്.
വീടുകളില്‍ അടച്ചിടപ്പെട്ട അവസ്ഥ കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനിടയാകും. അങ്ങനെയുള്ള സാഹചര്യം ഉണ്ടാകാതിരിക്കാനും ഇത്തരം ആക്ടിവിറ്റികള്‍ സഹായിക്കും. അധ്യാപകര്‍ ഫോണിലൂടെയോ വാട്‌സ്ആപ്പ് മുഖേനയോ ഓരോ കുട്ടിയും ഓരോ ദിവസം ചെയ്യേണ്ട പ്രവൃത്തി എന്താണെന്നു രക്ഷിതാക്കളെ അറിയിക്കും. വീടുകളിലെ ദൈനംദിന ജോലികള്‍, കൃഷി, ചിത്രരചന പോലുള്ള വിനോദങ്ങള്‍, സംഗീത ഉപകരണങ്ങള്‍ പഠിപ്പിക്കുക, കവിതകള്‍, നാടന്‍ പാട്ടുകള്‍, സിനിമാ ഗാനങ്ങള്‍, പത്ര വായന, തയ്യല്‍ എന്നിങ്ങനെയുള്ളവയാണ് കുട്ടികള്‍ക്കായി ഓരോ ദിവസവും നല്‍കുന്നത്.
അധ്യാപകര്‍ കുട്ടികളുടെ കഴിവനുസരിച്ച് രണ്ടോ മൂന്നോ ഗ്രുപ്പായി തിരിച്ച് അവര്‍ക്കുള്ള ആക്ടിവിറ്റികളുടെ ലിസ്റ്റ് തയ്യാറാക്കി രക്ഷിതാക്കള്‍ക്ക് അയച്ചു കൊടുക്കും. കുട്ടികളുടെ വീടുകളില്‍ ഭക്ഷണസാധനങ്ങള്‍ ഉണ്ട് എന്ന് ഉറപ്പ് വരുത്തുകയും അവശ്യക്കാരുണ്ടെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റി കിച്ചണ്‍ ചുമതലക്കാരെ അറിയിച്ച് ഭക്ഷണലഭ്യത ഉറപ്പുവരുത്തുകയും ചെയ്യും. കുട്ടികളുടെ മരുന്ന് ലഭ്യത അതത് മെഡിക്കല്‍ ഓഫീസര്‍മാരുമായി ബന്ധപ്പെട് ഉറപ്പാക്കാനും രക്ഷിതാക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ മാനസിക പിരിമുറുക്കം ഉണ്ടായാല്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കൗണ്‍സിലര്‍മാരുമായി ബന്ധപ്പെട്ട് ഫോണിലൂടെ കൗണ്‍സിലിംഗ് നല്‍കാനുള്ള സൗകര്യവും നിലവിലുണ്ട്.