പത്തനംതിട്ട: ബഫർ സോൺ വിരുദ്ധ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ഉജ്ജ്വല തുടക്കം.പലവിധ പേരുകളിൽ കാർഷിക ഭൂമിയിൽ വന നിയമങ്ങൾ അടിച്ചേല്പിച്ചുകൊണ്ട് അപ്രഖ്യാപിത കുടിയിറക്ക് നടത്തി വനഭൂമി വർധിപ്പിക്കാനുള്ള ഭരണഗൂഡ ഭീകരതക്കെതിരെ കേരള ഇൻഡിപെൻഡൻന്റ് ഫാർമേഴ്‌സ് അസോസിയേഷൻ – കിഫ നടത്തുന്ന സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് പത്തനംതിട്ടയിൽ തുടക്കമായി. പത്തനംതിട്ട നഗരത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അബാൻ ജംഗ്ഷനിൽ നിന്നു ആരംഭിച്ച പ്രതിരോധ മാർച്ചിൽ ആയിരകണക്കിന് കർഷകർ പങ്കെടുത്തു.
കളക്ടറേറ്റിനു മുൻപിൽ വെച്ച് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജോളി കാലായിൽ അധ്യക്ഷൻ ആയി നടന്ന പൊതുയോഗം കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ ഉദ്ഘാടനം ചെയ്തു. ഒരു കാരണവശാലും ഒരിഞ്ചു കൈവശ ഭൂമി പോലും ESA യോ ബഫർ സോണോ ആക്കി മാറ്റാൻ അനുവദിക്കില്ല എന്ന് അദ്ദേഹം പ്രസ്താവിച്ചു. അഡ്വ ജോണി കെ. ജോർജ് വിഷയാവതരണം നടത്തി. റോയ് കുളത്തിങ്കൽ ചിറ്റാർ, വിശ്വനാഥൻ സീതത്തോട്, വിജോയ് തോമസ് പെരുനാട് , ആന്റണി തോമസ് വടശ്ശേരിക്കര,മാത്തുക്കുട്ടി നാറാണംമൂഴി, ബിജു സ്കറിയ വെച്ചൂച്ചിറ, രാജൻ തെക്കുതോട്, ബിൻസു അരുവാപ്പുലം, വിനോദ് വാസുകുറുപ്, മാത്യു ജോസഫ് കോന്നി എന്നിവർ സംസാരിച്ചു.