കോന്നി : നാരായണപുരം ചന്തയിൽ ആധുനിക അറവുശാലയ്ക്ക് വേണ്ടി നിർമിച്ച കെട്ടിടം കാടുമൂടി നശിക്കുന്നു. ലക്ഷങ്ങൾ മുടക്കി നിർമാണം ആരംഭിച്ച അറവുശാല ഇന്ന് കാട് മൂടി നശിച്ചു കിടക്കുകയാണ്. കോന്നിയിൽ അംഗീകൃത അറവുശാല ഇല്ല. പത്തനംതിട്ട, പത്തനാപുരം അറവുശാലകളിൽ നിന്നും കന്നുകാലികളെ കശാപ്പ് ചെയ്ത് മാംസം ഇവിടെ എത്തിച്ചാണ് വിൽപ്പന നടത്തിയിരുന്നത്. അനധികൃതമായി വൃത്തിഹീനമായ സ്ഥലത്ത് കന്നുകാലികളെ കശാപ്പ് ചെയ്ത് ഇറച്ചിക്കച്ചവടം നടത്തുന്നതിനെതിരെ പരാതികളും പ്രതിഷേധങ്ങളും ഉണ്ടായതിനെ തുടർന്നാണ് ചന്തയിലെ മാട്ടിറച്ചിക്കച്ചവടം നിരോധിച്ചത്.
പിന്നീട് പൂവൻപാറയിൽ ഇറച്ചിക്കട പ്രവർത്തനം ആരംഭിച്ചെങ്കിലും അറവുശാല ഇല്ലാത്തതിനാൽ കടയുടെ പുറകുവശത്തെ തുറസായ സ്ഥലത്ത് കശാപ്പ് നടത്തിയതിനെതിരെ പ്രദേശവാസികൾ സംഘടിക്കുകയും ഇത് തടയുകയും ചെയ്തിരുന്നു. പിന്നീട് ഇവിടെ അറവ് ആരംഭിക്കുകയും പഞ്ചായത്ത് അനുമതി നൽകുകയുമായിരുന്നു. ഇതോടെ നാരായണപുരം ചന്തയിലെ ഇറച്ചി കച്ചവടം നിലച്ചു. അറവുശാല നിർമിച്ച് ഇറച്ചിക്കട ലേലം ചെയ്തു നൽകിയാൽ പഞ്ചായത്തിന് 10 ലക്ഷം മുതൽ 20 ലക്ഷം വരെ വരുമാനം ലഭിക്കും. പഞ്ചായത്തിന്റെ പത്ത് ലക്ഷവും, ശുചിത്വ മിഷന്റെ 20 ലക്ഷവുമാണ് അറവുശാലയുടെ നിർമാണത്തിന് അനുവദിച്ചിരുന്നത്. ആധുനിക സംവിധാനങ്ങളോടുകൂടിയ അറവുശാല നിർമിക്കാനായിരുന്നു പദ്ധതി. ഫണ്ട് വിനിയോഗിച്ചിട്ടില്ലാത്തതിനാൽ ശുചിത്വമിഷന്റെ 20 ലക്ഷം രൂപ തിരിച്ചടയ്ക്കേണ്ടി വന്നു.