മലപ്പുറം : ചിട്ടി, നിക്ഷേപത്തട്ടിപ്പ് കാരാട്ട് കുറീസ് ഉടമകൾക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകി പോലീസ്. പ്രതികൾക്കെതിരെ പോലീസ് ബഡ്‌സ് ആക്ട് പ്രകാരം കുറ്റം ചുമത്തിയാണ് കോടതിക്ക് റിപ്പോർട്ട് നൽകിയത്. നേരത്തേ ഭാരതീയ ന്യായസംഹിത പ്രകാരം വിശ്വാസവഞ്ചന, ചതി എന്നീ കുറ്റങ്ങളാണു ചുമത്തിയിരുന്നത്. എന്നാലിപ്പോൾ ബഡ്സ് ആക്റ്റ് ചുമത്തിയതോടെ പ്രതികളുടെ സ്വത്തുക്കൾ, നിക്ഷേപങ്ങൾ എന്നിവ പിടിച്ചെടുത്ത് ഇരകൾക്ക് ആനുപാതികമായി വീതിച്ചു നൽകാൻ സാധിക്കും. പ്രതികളുടെ ഭൂസ്വത്തുക്കൾ കണ്ടെത്താൻ റവന്യു വകുപ്പിനു റിപ്പോർട്ടുകൾ നൽകും. നിക്ഷേപങ്ങൾ മരവിപ്പിക്കാൻ ബാങ്കുകളെ സമീപിക്കും.
ഒളിവിലുള്ള എംഡി കിഴക്കേതിൽ സന്തോഷ്, ഡയറക്‌ടർ പി.മുബഷിർ എന്നിവർക്കായി അന്വേഷണം തുടരുകയാണ്. ജീവനക്കാരുടെ ഉൾപ്പെടെ 500 പരാതികളാണ് നിലമ്പൂർ സ്‌റ്റേഷനിൽ മാത്രം ലഭിച്ചത്. പരാതികൾ പരിശോധിച്ചു പരാതിക്കാരിൽനിന്നു പ്രത്യേക സംഘം മൊഴിയെടുക്കൽ തുടരുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ പൂർത്തിയാകുന്നതോടെ മറ്റു ഡയറക്ടർമാർ, ജീവനക്കാരടക്കം എന്നിവരെ പ്രതികളാക്കുമെന്നാണ് സൂചന. ഒറ്റ രാത്രി കൊണ്ട് മലപ്പുറം ജില്ലയിലെ കാരാട്ട് കുറീസിൻ്റെ ശാഖകളെല്ലാം പൂട്ടി ഉടമകൾ മുങ്ങുകയായിരുന്നു. ഇതോടെയാണ് നിക്ഷേപകർ പരാതികളുമായി പോലീസിലെത്തിയത്.
കഴിഞ്ഞ19 ന് രാത്രിയിലാണ് ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ കടത്തികൊണ്ട് പോയത്. 40ഓളം പേർ ഇതിനകം വേങ്ങര പോലീസിൽ മാത്രം പരാതിയുമായെത്തിയിട്ടുണ്ട്. ലക്ഷങ്ങളാണ് പല നിക്ഷേപകർക്കും നഷ്ടമായിരിക്കുന്നത്. ആഴ്ചകൾക്ക് മുന്നേ നിക്ഷേപം പിൻവലിക്കാൻ എത്തിയവർക്ക് ചെക്ക് കൊടുത്ത് നീട്ടിക്കൊണ്ട് പോയിരുന്നതായാണ് നിക്ഷേപകർ പറയുന്നത്. സ്ഥാപനത്തിന് പ്രവർത്തനാനുമതി നിഷേധിച്ചതിനാൽ തത്കാലം അടക്കുകയാണെന്നാണ് അന്ന് ഉടമകൾ ജീവനക്കാരെ ധരിപ്പിച്ചത്. ഇതേ കമ്പനിയുടെ നിലമ്പൂർ, മുക്കം, മണ്ണാർക്കാട് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളും പൂട്ടി.