കൊച്ചി: വാണിജ്യ സ്ഥാപനങ്ങളിലെ പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിന് നിയമപരമായ വിലക്കില്ലെന്ന് ഹൈക്കോടതി. ലുലു മാളില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് സംബന്ധിച്ചുള്ള ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുപ്പിച്ചത്. കെട്ടിട ഉടമയ്ക്ക് പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിനുള്ള അധികാരമുണ്ടന്ന് കോടതി ചൂണ്ടിക്കാട്ടി. കെട്ടിടങ്ങള്‍ക്ക് നിശ്ചിത പാര്‍ക്കിങ് സൗകര്യം വേണമെന്ന് മാത്രമേ കേരള മുനിസിപ്പാലിറ്റി ബില്‍ഡിങ് ചട്ടത്തില്‍ പറയുന്നുള്ളൂ. എന്നാല്‍ ഇവിടെ ഫീസ് പിരിക്കുന്നതിന് ചട്ടത്തില്‍ വിലക്കില്ലെന്ന് നേരത്തെ മറ്റൊരു കേസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് കേസ് പരിഗണിക്കവെ ജസ്റ്റിസ് വി ജി അരുണ്‍ പറഞ്ഞു.
ലുലുമാളില്‍ പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തിയതിനെതിരെ കളമശേരി സ്വദേശി ബോസ്‌കോ ലൂയിസ്, തൃശൂര്‍ അന്നമനട സ്വദേശി പോളി വടക്കന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സിംഗിള്‍ ബഞ്ച്. ലുലു മാളില്‍ പാര്‍ക്കിംഗ് ഫീസ് വാങ്ങുന്നത് നിയമാനുസൃതമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കെട്ടിട ഉടമയ്ക്ക് അതാത് മുനിസിപ്പാലിറ്റി/ പഞ്ചായത്ത്/ കോര്‍പറേഷന്‍ നല്‍കുന്ന ലൈസന്‍സ് മുഖേന പാര്‍ക്കിംഗ് ഫീസ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാവുന്നതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിനെതിരായ ഹര്‍ജി തീര്‍പ്പാക്കിയത്.