തിരുവനന്തപുരം : ബുറെവി ഭീതി പൂര്‍ണ്ണമായി ഒഴിഞ്ഞ് ആശ്വാസ തീരം തൊട്ട് കേരളം. അതീതീവ്ര ന്യൂനമര്‍ദം അടുത്ത 36 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ദുര്‍ബലമാകുമെന്നും ഇനി കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളില്‍ മാത്രം ഒറ്റപ്പെട്ട മഴ അനുഭവപ്പെട്ടു.
ചുഴലിക്കാറ്റിന്‍റെ ആശങ്ക വിട്ടുമാറിയെങ്കിലും കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. ഒറ്റപ്പെട്ടതോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം ഉണ്ടായിരിക്കുന്നത്. ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ട് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാത്രി മുതല്‍ 12 മണിക്കൂര്‍ നേരത്തെക്ക് തെക്കന്‍ കേരളത്തില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ടെന്നും അറിയിപ്പ് ഉണ്ട്.