എരുമേലി : തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ തമിഴ്നാട് സ്വദേശികളായ 16 പേര്‍ക്ക് പരിക്കുപറ്റി. ഇതില്‍ തിരുപ്പൂര്‍ സ്വദേശികളായ വിനോദ്, സെല്‍വരാജ്, സഞ്ജു, മഹേന്ദ്രന്‍, ശിവസുബ്രഹ്മണ്യന്‍ എന്നിവര്‍ക്കാണ് സാരമായി പരിക്കുപറ്റിയത്. മറ്റുള്ളവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് സഞ്ജുവിനെ (20) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
എരുമേലി – പമ്പ റോഡിലെ കണമല ഇറക്കത്തില്‍ അട്ടിവളവില്‍ പുലര്‍ച്ച അഞ്ചോടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട മിനി ബസ് റോഡരികിലെ തിട്ടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്ന് കരുതുന്നു. പരിക്കേറ്റവരെ ഉടന്‍ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും എത്തിച്ചു. എരുമേലി പോലീസും സ്ഥലത്തെത്തിയിരുന്നു.