പത്തനംതിട്ട: പത്തനംതിട്ട ഇലവുങ്കലില്‍ ശബരിമല തീര്‍ഥാടകരുടെ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടതിന് കാരണം ബ്രേക്ക് തകരാറെന്ന് സംശയം. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പരുക്കേറ്റയാള്‍ പറഞ്ഞു. ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍ ശ്രമം തുടരുകയാണ്. ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 64 പേര്‍ക്കാണ് പരുക്കേറ്റത്. തമിഴ്നാട്ടിെല തഞ്ചാവൂരില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇലവുങ്കല്‍ –എരുമേലി റൂട്ടിലെ മൂന്നാംവളവില്‍ ബസ് മറിഞ്ഞത്.
ഒന്‍പത് കുട്ടികള്‍ ഉള്‍പ്പെടെ 64 പേരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്. വനപ്രദേശമായതിനാല്‍ ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി. പമ്പയില്‍ നിന്ന് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തത്തി എല്ലാവരെയും പുറത്തെടുത്തു. പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും എരുമേലിയിലെ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉള്‍പെടെ അഞ്ചുപേരെ വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.