കൊച്ചി : അധിക ബസ് ചാർജ്ജ് ഈടാക്കാമെന്നുള്ള ഉത്തരവിന് സ്റ്റേ വന്നതിന് പിന്നാലെ കൊച്ചി നഗരത്തിൽ സർവീസ് നടത്തുന്ന ബസുകളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. അധിക ചാർജ് ഈടാക്കാമെന്നുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതോടെ ഇന്ന് മുതൽ മിനിമം നിരക്ക് എട്ട് രൂപയാണ്. നഗരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 260 തോളം ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നെങ്കിലും ഇന്ന് ഇതുവരെ 40 ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. യാത്രക്കാര്‍ വളരെ കുറവാണ്.
ഇന്ധന വിലയിലെ വര്‍ധനവ് വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. രാജ്യത്ത് തുടർച്ചയായ ഏഴാം ദിവസവും ഇന്ധനവില വര്‍ധിച്ചിരിക്കുകയാണ്. പെട്രോളിന് ഇന്ന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോളിന് 3.91 രൂപയും ഡീസലിന് 3.81 രൂപയുമാണ് വര്‍ധിച്ചത്. കോഴിക്കോട് ജില്ലയിലും ബസ് സര്‍വ്വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് സമാനമായ സ്ഥിതിയാണുള്ളത്. നഗരത്തിലടക്കം ബസിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണുണ്ടാകുന്നത്. യാത്രകള്‍ക്ക് കൂടുതല്‍ പേരും സ്വകാര്യ വാഹനത്തെയാണ് ആശ്രയിക്കുന്നത്. ഇതോടൊപ്പം ടിക്കറ്റ് നിരക്ക് കുറച്ചതും പ്രശ്നം ഗുരുതരമാക്കുന്നു.