ന്യൂഡല്‍ഹി: ആര്‍.എസ്.പി നേതാവും കൊല്ലം ലോക്സഭാംഗവുമായ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലുള്ള പ്രേമചന്ദ്രന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ലോക്സഭാ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
വര്‍ഷകാല സമ്മേളനത്തിലെ വിവിധ സെഷനുകളില്‍ പങ്കെടുക്കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു. സെപ്റ്റംബര്‍ 16ന് ലോക്സഭാ ചെയറില്‍ ഇരിക്കാനും പ്രേമചന്ദ്രന് അവസരം ലഭിച്ചിരുന്നു. പാര്‍ലമെന്‍ററി ജീവിതത്തിലെ അഭിമാനകരമായ നിമിഷമെന്നായിരുന്നു ഇതേക്കുറിച്ച് ഫേസ്ബുക്കില്‍ പ്രേമചന്ദ്രന്‍ പറഞ്ഞത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രേമചന്ദ്രനുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ 30 പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് സ്ഥിരീകരിച്ചിരുന്നു. മന്ത്രി നിതിന്‍ ഗട്കരി ഉള്‍പ്പടെയുള്ളവര്‍ ചികിത്സയിലാണ്. കൂടുതല്‍ അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പായി എംപിമാര്‍ക്ക് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് മുപ്പതോളം എംപിമാര്‍ക്ക് രോഗം കണ്ടെത്തിയത്.